കൊച്ചി: കൂടുതലും മലയാളികള്‍ ആയത് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യന്‍ പ്രവാസികളെ അവഗണിക്കുകയാണെന്ന ഗുരുതര ആരോപണം ഉന്നയിച്ച് മന്ത്രി കെടി ജലീല്‍ രംഗത്ത്. പ്രവാസി ലീഗല്‍ സെല്‍ എന്ന സംഘടനയുടെ കേരള ചാപ്റ്റര്‍ ‘സുരക്ഷിത കുടിയേറ്റം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച നിയമവേദി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളില്‍ ഏറ്റവുമധികം പേര്‍ കേരളത്തില്‍ നിന്നാണ്. മുപ്പത് ലക്ഷത്തോളം മലയാളികള്‍ പ്രവാസികളാണ്. എന്നാല്‍, പ്രവാസി ക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ വളരെ കുറച്ചു കാര്യങ്ങളേ ചെയ്യുന്നുള്ളൂ. പ്രവാസികളിലധികവും കേരളത്തില്‍ നിന്നുള്ളവരാണ് എന്നതായിരിക്കാം കാരണം എന്ന് മന്ത്രി പറഞ്ഞു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കിട്ടുന്ന പരിഗണന കേരളത്തിനു കിട്ടാറില്ല. വിദേശ അംബാസഡര്‍മാരില്‍ അധികവും ഉത്തരേന്ത്യക്കാരാണ്. കേരളത്തില്‍ നിന്ന് അപൂര്‍വമായേ അംബാസഡര്‍മാര്‍ ഉണ്ടാകാറുള്ളൂ. പ്രവാസികളായ കേരളീയര്‍ അവഗണിക്കപ്പെടുന്നതിന് ഇതും ഒരു കാരണമാണ് കെടി ജലീല്‍ ചൂണ്ടി കാണിച്ചു.
പ്രതിവര്‍ഷം 7100 കോടി രൂപ പ്രവാസി മലയാളികളുടെ സംഭാവനയായി നാട്ടിലെത്തുന്നുണ്ടെങ്കിലും ഇവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേകിച്ചൊരു പദ്ധതിയും നടപ്പിലാക്കുന്നില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് മാത്രമായി ഒട്ടേറെ പരിമിതികളുണ്ട് മന്ത്രി പറഞ്ഞു.
എറണാകുളം വൈഎംസിഎ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രവാസി ലീഗല്‍ സെല്‍ ദേശീയ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം അധ്യക്ഷനായി. ജോസ് എബ്രഹാം രചിച്ച സെയ്ഫ് എമിഗ്രേഷന്‍ എന്ന പുസ്തകം ജസ്റ്റിസ് എന്‍ നഗരേഷ് പ്രകാശനം ചെയ്തു. സിറ്റി പോലീസ് കമീഷണര്‍ എസ് സുരേന്ദ്രന്‍ മുഖ്യാതിഥിയായി. അഡ്വ. ഡി ബി ബിനു, ഡി ഗിരിശങ്കര്‍ എന്നിവര്‍ സംസാരിച്ചു. ഫാ. മനോജ് പ്ലാക്കൂട്ടത്തില്‍ സ്വാഗതം പറഞ്ഞു.
Discussion about this post