തൃശ്ശൂര്‍: യാത്രക്കാരുടെ കഴുത്തറക്കുന്ന സ്വകാര്യ ബസുകള്‍ക്ക് തിരിച്ചടി. സ്വകാര്യ ബസുകളെ നിയന്ത്രിക്കാന്‍ ഞായറാഴ്ചകളില്‍ ബംഗളൂരിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ ഓടിതുടങ്ങും. കൊച്ചുവേളി-കൃഷ്ണരാജപുരം ട്രെയിനാണ് നാളെ മുതല്‍ ഓടിത്തുടങ്ങുക.
ഗതാഗത മന്ത്രി എകെ ശശിന്ദ്രന്റെ നിര്‍ദേശ പ്രകാരം ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ റെയില്‍വേ ബോര്‍ഡുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സ്പെഷ്യല്‍ ട്രെയിന്‍ ഞായറാഴ്ച സര്‍വ്വീസ് നടത്താന്‍ തീരുമാനമായത്.
സ്വകാര്യ ബസുകള്‍ക്ക് കൂടുതല്‍ പണം വാങ്ങിക്കാന്‍ ഒത്താശ ചെയ്യുന്നത് റെയില്‍വേയും കെഎസ്ആര്ടിസിയുമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ് പികെ രാജന് മാസ്റ്റര്‍ ഗതാഗതമന്ത്രിയുമായി ബന്ധപ്പെട്ട് ബംഗളൂരിലേക്ക് കൂടുതല്‍ ഗതാഗത സൗകര്യമേര്‍പ്പെടുത്താന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടത്.
ഉടന്‍ തന്നെ ഡല്‍ഹിയിലുണ്ടായിരുന്ന ഗതാഗത സെക്രട്ടറിയെ വിളിച്ച് റെയില്‍വേ ബോര്‍ഡുമായി സംസാരിക്കാന്‍ മന്ത്രി നിര്‍ദേശിക്കുകയായിരുന്നു. ട്രെയിന്‍ നാളെ രാവിലെ അഞ്ചിന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. 10.42ന് തൃശ്ശൂരിലെത്തും. 12ന് പാലക്കാടെത്തും. സ്പെഷ്യല്‍ ട്രെയിനില്‍ സീറ്റുകള്‍ റിസര്‍വ് ചെയ്യാനുള്ള സൗകര്യം ഇന്ന് രാവിലെ എട്ടിന് ആരംഭിച്ചു.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് കല്ലട ബസ് യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചിരുന്നു. സംഭവം പുറംലോകമറിഞ്ഞതോടെ നിരവധി യാത്രക്കാരാണ് കല്ലട ബസില്‍ നിന്ന് മുമ്പ് ഉണ്ടായ ദുരനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിരുന്നത്. ഇതോടെ അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ ഗതാഗത വകുപ്പും രംഗത്ത് എത്തി.
Discussion about this post