കൊച്ചി: ബംഗളൂരുവിലേക്ക് യാത്ര പുറപ്പെട്ട കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ സോഷ്യല്‍മീഡിയ അടക്കം കടുത്ത പ്രതിഷേധത്തിലാണ്. നിരവധി പരാതികളാണ് കല്ലടയ്‌ക്കെതിരെ ഉണ്ടായിരിക്കുന്നത്. സ്ത്രീകള്‍ക്ക് കല്ലട സ്വകാര്യ ബസ് ഒട്ടും സുക്ഷിതമല്ല എന്ന് കഴിഞ്ഞ ദിവസം ഒരു അധ്യാപികയുടെ കുറിപ്പില്‍ നിന്ന് വ്യക്തമായിരുന്നു. എന്നാല്‍ അത്തരത്തില്‍ മറ്റൊരു വാര്‍ത്ത കൂടി ഇപ്പോള്‍ പുറത്ത് വരുന്നു.
കല്ലടയിലെ അറ്റന്‍ഡര്‍ ആണെന്ന് പരിചയപ്പെടുത്തിയ വ്യക്തി അശ്ലീല സന്ദേശം അയച്ചെന്നും പാതി വഴിയില്‍ ഇറക്കി വിട്ടു എന്നും അപര്‍ണ എന്ന യുവതി ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു. ബോയ്‌കോട്ട് കല്ലട ട്രാവല്‍സ് എന്ന ഹാഷ് ടാഗോടെയാണ് പോസ്റ്റ്.
അപര്‍ണയുടെ ഫേസ്ബുക്ക് കുറിപ്പ്…
ഒരുപാട് മുമ്പൊന്നും അല്ല. ചെന്നൈയില് നിന്നും പോണ്ടിച്ചേരിയില്‍ നിന്നും ഉള്ള കല്ലട ബസ്ലെ സ്ഥിരം യാത്രക്കാരി ആയിരുന്നു ഞാനും.
സീന്‍ ഒന്ന്:
ആദ്യമായ് കല്ലട ബസ്ല്‍ പോയപ്പോ ഉള്ള അനുഭവം. പ്രായം 18. ഇതുവരെ കോഴിക്കോട് ടൗണ്‍ വരെ ഒറ്റക് പോയിട്ടില്ലാത്ത ഞാന്‍ ആദ്യമായി ഒറ്റക്ക് പോണ്ടിച്ചേരി പോവുന്നു. 2014. കോഴിക്കോട് നിന്നും പി ആര്‍ ടി സി അല്ലാതെ പോണ്ടിയിലേക്ക് വേറെ ബസ്സുകള്‍ ഇല്ലാത്ത സമയം. 2 മണിക്കൂര്‍ വൈകി വന്ന കല്ലട ബസില്‍ അച്ഛനും അമ്മയും ചേര്‍ന്ന് കയറ്റിവിടുന്നു! ഡ്രൈവര്‍ നോടും അറ്റന്‍ഡര്‍ നോടും പലതവണ ഒറ്റക്കാണ് എന്നും ആദ്യമായിട്ടാണ് എന്നും പറഞ്ഞാണ്! എന്നെക്കാളും ടെന്‍ഷന്‍ അവരുടെ മുഖത്ത് കാണാം ആളുകള്‍ കുറഞ്ഞ ബസ് പറഞ്ഞു ഉറപ്പിച്ചപോലെ പാലക്കാട്ടിലെ ഒരു ഹോട്ടലിന് മുന്നില്‍ ബ്രേക്ഡൗണ്‍ ആവുന്നു! പകരം വന്ന കല്ലട ബസില്‍ മുഷിഞ്ഞ സീറ്റുകളില്‍ ഇരുന്ന് 6-7 യാത്രക്കാര്‍ യാത്രചെയ്യുന്നു! ശാന്തം! സമയം പുലര്‍ച്ചെ 4 മണി! അറ്റന്‍ഡര്‍ എന്നെ വിളിച്ചുണര്‍ത്തി! ചെന്നൈ ക് പോവുന്ന ബസ് ആണ് ദിന്‍ഡിവനം എന്ന സ്ഥലം എത്തിയിരിക്കുന്നു! ഇവിടെ ഇറങ്ങിയാല്‍ പോണ്ടിച്ചേരി ക്ക് ബസ് കിട്ടുമത്രെ! പറ്റില്ല എന്ന് പറഞ്ഞ എന്നെ ബലമായി ദിന്‍ഡിവനതില്‍ ഇറക്കി വിടുന്നു തമിഴ് പോലും സംസാരിക്കാന്‍ അറിയാത്ത ഞാന്‍ ഇരുട്ടില്‍ വലിയ ബാഗ് പാക്കും ട്രോളിയും പിടിച്ച് വലിയ വായില്‍ കരയുന്നു!
സീന്‍ 2:
2014, ഏതാണ്ട് 6 മാസത്തിന് ശേഷം! കല്ലട അല്ലാതെ വേറെ ഒരു മാര്‍ഗവും ഇല്ലാതെ ഞാന്‍ വീണ്ടും കല്ലടയില്‍ ഇത്തവണ ഉറങ്ങാതെ ഞാന്‍ കാത്തിരുന്നു! ബസ് പോണ്ടിച്ചേരി എത്തി! റെഡ് ബസ് ഇല്‍ ബുക്ക് ചെയ്ത പ്രകാരം പോണ്ടിച്ചേരി യൂനിേഴ്‌സിറ്റിയില്‍ ആണ് എനിക്ക് ഇറങ്ങേണ്ടത്. പിലാചവദി എത്തിയപ്പോഴേ ഞാന്‍ ബാഗും എടുത്ത് ഡ്രൈവര്‍ ന്റെ അടുത്തെത്തി! ഇറങ്ങണം എന്നറിയിച്ചു! അവിടെ ബസ് നിര്‍ത്താന്‍ പറ്റില്ലത്രെ! ബസ് നിര്‍ത്താതെ ഏതാണ്ട് 10-12 കിലോമറ്ററിലധികം സഞ്ചരിച്ചപ്പോള്‍ ഞാന്‍ റെഡ് ബസ് ലെ screenshot കാണിച്ചു ഉറക്കെ കരയാന്‍ തുടങ്ങി! അന്നും എന്നെ അവര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഏതാണ്ട് 20 km അകലെ ഇറക്കിവിട്ടു! സമയം പുലര്‍ച്ചെ 4.30! വീണ്ടും വലിയ വായില്‍ ഇരുട്ടില്‍ ഒറ്റക്ക് ബാഗും തൂക്കി കരയുന്ന ഞാന്‍!
സീന്‍ 3:
ഇനി കല്ലട ഇല്ല എന്നുറപ്പിച്ചു ഞാന്‍ ട്രെയിന്‍ ശീലമാക്കി! പെട്ടന്നുള്ള ബന്ധുവിന്റെ മരണം എന്നെ വീണ്ടും കല്ലട യെ ആശ്രയിപ്പിച്ചു! പോണ്ടിച്ചേരിയില്‍ രാത്രി 8.30 എത്തിയ എന്നെ വില്ലുപുരം എന്ന സ്ഥലത്തെ ഒരു കുട്ടി കടക്ക് മുന്നില്‍ കല്ലട ഏര്‍പ്പാട് ചെയ്ത വാന്‍ ഇറക്കി വിട്ടു. 30 മിനിട്ടുകള്‍ക്ക് ശേഷം കുട്ടി കടയുടെ (കല്ലട ഓഫീസ് ആണ് എന്ന് അവര്‍ പറയുന്നു) ഉടമസ്ഥന്‍ കട പൂട്ടി പോവുന്നു! കാരണം ചോദിച്ചപ്പോള്‍ 5 മിനുട്ടില്‍ ബസ് എത്തുമത്രേ ശേഷം കാത്തിരിപ്പിന്റെതാണ് പുലര്‍ച്ചെ 2.30 ന് കല്ലട ബസ് വരുന്നു! മഞ്ഞത്ത് തണുപ്പത്ത് പട്ടികളുടെ കൂടെ തമിഴ് നാട്ടില്‍ ഏറ്റവും കൂടുതല്‍ സ്ത്രീ പീഢനങ്ങള്‍ നടക്കുന്ന വില്ലുപുരത്ത്
സീന്‍ 4:
ശേഷം ചെന്നൈയില്‍ ആണ്! വിയര്‍പ്പ് മണക്കുന്ന കല്ലട സ്ലീപ്പര്‍ ബസ് കുലുങ്ങി കുലുങ്ങി യാത്ര! ആദ്യം പോണ്ടിച്ചേരിയില്‍ നിന്നും ബസ് മാറ്റുന്നു! പിന്നെ പാലക്കാട് നിന്നും ബസ് മാറുന്നു! ശേഷം പേരറിയാത്ത ഏതോ നാട്ടില്‍ നിന്നും ബസ് മാറുന്നു! ആഹാ സുഖ സുന്ദരമായ യാത്ര!
സീന്‍ 5:
എന്റെ അവസാന കല്ലട യാത്ര! ചെന്നൈയില്‍ നിന്നും നാട്ടില്‍ എത്തിയ ശേഷം എന്റെ ഫോണിലേക്ക് തുടരെ തുടരെ കോളുകള്‍ വരുന്നു! കല്ലടയിലെ അറ്റന്റര്‍ ആണെന്ന് പരിചയപ്പെടുത്തിയ ആളെ സമര്‍ഥമായി ബ്ലോക്ക് ചെയ്യുന്നു! ഹായ് ആളതാ വീണ്ടും ഫെയിസ് ബുക്കുവഴി! മുഖം വെളിവാക്കത്ത എക്കൗണ്ട് വഴി ലൈംഗികാവയവ ചിത്രങ്ങള്‍
കഥ തീര്‍ന്നില്ല:
വാല്‍ക്കഷണം:
റൂം മേറ്റ് ബുക്കുചെയ്ത കല്ലട ബസ് എപ്പോള്‍ സ്ഥലത്തെത്തും എന്ന് കൊടുത്ത സമയത്തിനും 20 മിനുട്ടുകള്‍ക്ക് ശേഷം അന്വേഷിച്ചപ്പോള്‍ ഡ്രൈവറുടെ മറുപടി എത്തുമ്പോള്‍ എത്തും പിന്നെ കുറേ തമിഴ് തെറികളും ആയിരുന്നു!
ഈ പറഞ്ഞതില്‍ ഒന്നും തന്നെ കൂട്ടിച്ചേര്‍ത്തതോ സാങ്കല്‍പികമോ കള്ളങ്ങളോ മറ്റൊരാള്‍ക്ക് സംഭവിച്ചതോ അല്ല! എനിക്കു പ്രിയപ്പെട്ടവരോട് ഞാന്‍ വര്‍ഷങ്ങളായ് പറയാറുള്ളതാണ്! അനുഭവങ്ങളാണ്!
ബസ് യാത്ര നടത്തുമ്പോള്‍ ഞാന്‍ ഭക്ഷണം കഴിക്കാറോ മൂത്രമൊഴിക്കാറോ ഇല്ലാത്തത് കല്ലട തന്ന പുതിയൊരു ശീലമാണ്! ആ വക പ്രശ്‌നങ്ങള്‍ എഴുതിയാല്‍ അതിനീ പോസ്റ്റ് പോര എന്നു വരും!
സ്‌നേഹം!
Discussion about this post