തിരുവനന്തപുരം: ബംഗളൂരുവില്‍ നിന്ന് വന്ന ഭീകരാക്രമണ ഭീഷണി സന്ദേശം വ്യാജമാണെങ്കിലും ജാഗ്രത തുടരുമെന്ന് കേരള പോലീസ്. റെവില്‍വേ സ്റ്റേഷനുകളിലും തിരക്കേറിയ സ്ഥലങ്ങളിലും പോലീസിന്റെ ശക്തമായ പരിശോധന തുടരുമെന്ന് പോലീസ് വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പോലീസ് മേധാവികളോട് ജാഗ്രത പാലിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി.
ട്രെയിന്‍ വഴി തീവ്രവാദികളെത്തുമെന്ന സന്ദേശത്തെ തുടര്‍ന്നാണ് എല്ലാ റെയില്‍വെ
സ്റ്റേഷനുകളിലും പരിശോധന കര്‍ശനമാക്കാന്‍ പോലീസ് തീരുമാനിച്ചത്. റെയില്‍വെ സ്റ്റേഷനുകളിലേക്ക് എത്തുന്ന എല്ലാ യാത്രക്കാരുടെയും ലഗേജുകള്‍ പരിശോധിക്കുന്നുണ്ട്. യാത്രക്കാരെയും നിരീക്ഷിക്കുന്നുണ്ട്.
കൊളംബോ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ സുരക്ഷ ശക്തമാക്കിയിരുന്നു. എങ്കിലും ഇപ്പോള്‍ ബംഗളൂരു പോലീസിന്റെ സന്ദേശത്തെ തുടര്‍ന്ന് സുരക്ഷ കൂടുതല്‍ ശക്തമാക്കുകയാണ് പോലീസ്. ഭീഷണി സന്ദേശം വ്യാജമെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും സുരക്ഷയില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് കേരള പോലീസും.