രാമന്‍ ഞങ്ങളുടെ വികാരമാണ്, തൃശ്ശൂര്‍ പൂരത്തിന് അവന് അനുമതി നല്‍കണം; കളക്ടറുടെ പേജില്‍ ആനപ്രേമികളുടെ അഭ്യര്‍ത്ഥന പ്രവാഹവും പ്രതിഷേധവും

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഉണ്ടാകില്ല എന്ന സൂചനയാണ് പുറത്ത് വരുന്നത്. എന്നാല്‍ ഈ വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ ശക്തമായ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. തൃശ്ശൂര്‍ കളക്ടര്‍ ടിവി അനുപമയുടെ ഫേസ്ബുക്ക് പേജില്‍ ആനപ്രേമികള്‍ പ്രതിഷേധം നടത്തുകയാണ്. സേവ് രാമന്‍ എന്ന ഹാഷ്ടാഗുമായാണ് പ്രതിഷേധം.

രാമന്‍ ഞങ്ങളുടെ വികാരമാണെന്നും പൂരത്തിന് രാമന് അനുമതി നല്‍കണമെന്ന ആവശ്യവുമായി ആനപ്രേമികളുടെ കമന്റുകള്‍ നിറയുന്നത്. എന്നാല്‍ രാമനെ സേവ് ചെയ്യാനുള്ള നടപടിയുമായിട്ടാണ് കലക്ടര്‍ മുന്നോട്ട് പോകുന്നത് വ്യക്തമാക്കി പിന്തുണയുമായി ഒട്ടേറെ പേരും രംഗത്തെത്തിയിട്ടുണ്ട്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് സര്‍ക്കാര്‍ ഇടപ്പെട്ട് നീക്കിയെന്ന് ആന ഉടമകളുടെ വാദം കലക്ടര്‍ അംഗീകരിച്ചിരുന്നില്ല. വിലക്കിനെ ചൊല്ലിയുള്ള അവ്യക്തത നീക്കാന്‍ മന്ത്രി വിഎസ് സുനില്‍കുമാര്‍ വീണ്ടും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. തൃശൂര്‍ പൂരം ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ വിളിച്ച യോഗത്തില്‍ ആന ഉടമകള്‍ പ്രതിഷേധം രേഖപ്പെടുത്തി. വിലക്ക് നീക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ലെങ്കില്‍ പൂരത്തിന് ആനകളെ നല്‍കില്ലെന്ന് ഉടമകള്‍ മുന്നറിയിപ്പു നല്‍കി.

തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ ചീഫ് വൈല്‍ഡ് ലൈവ് വാര്‍ഡന്‍ എഴുന്നള്ളിപ്പുകളില്‍ നിന്ന് വിലക്കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് ആനയുടമകള്‍ മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ വിലക്ക് നീക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും നടപ്പായില്ല. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളും രാമചന്ദ്രന് പൂര്‍ണവിലക്കേര്‍പ്പെടുത്തുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തി.

Exit mobile version