തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ ഭീഷണി. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണങ്ങളുടെ തുടര്‍ച്ചയായിട്ടാണ് കേരളം ഉള്‍പ്പെടെയുള്ള എട്ട് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ തീവ്രവാദികള്‍ തയ്യാറെടുക്കന്നതെന്നാണ് സന്ദേശം.
19 തീവ്രവാദികള്‍ തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് എത്തിയെന്നാണ് വിവരം. ഇന്നലെ വൈകുന്നേരത്തോടെ ബംഗളൂരു സിറ്റി പോലീസിനാണ് ഫോണ്‍ സന്ദേശം ലഭിച്ചത്. ബംഗളൂരു സിറ്റി പോലീസിന്റെ സന്ദേശത്തെ തുടര്‍ന്ന് കേരളത്തിലെ എല്ലാ ജില്ലകളിലെയും പോലീസ് മേധാവികളോട് ജാഗ്രത പാലിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.
തീവ്രവാദികള്‍ ലക്ഷ്യമിടുന്നത് ട്രെയിനുകളും ആള്‍ത്തിരക്കേറിയ നഗരങ്ങളുമാണെന്നാണ് ഫോണ്‍ സന്ദേശത്തില്‍ പറയുന്നത്. ബംഗളൂരു പോലീസ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
ഇതിനിടെ ശ്രീലങ്കന്‍ സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം സുരക്ഷ ശക്തമാക്കി. ഇന്ത്യയില്‍ നിന്നും നാടുവിട്ട ഐഎസ് ഭീകരരെന്ന് സംശയിക്കുന്ന 50 പേരെയാണ് ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നത്.
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ മൂന്ന് പള്ളികളിലും നാല് ഹോട്ടലുകളിലുമായി നടന്ന ചാവേര്‍ ആക്രമണത്തില്‍ 260-ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയില്‍ നിന്നും നാടുവിട്ട ഐഎസ് ബന്ധം സംശയിക്കുന്നവര്‍ ഭീകരവാദ സംഘത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും ഇന്ത്യയില്‍ പല സ്ഥലങ്ങളിലും ഭീകരാക്രമണങ്ങള്‍ നടത്താനാണ് ഇവരുടെ പദ്ധതിയെന്നുമാണ് സുരക്ഷ ഉദ്യോഗസ്ഥരുടെ നിഗമനം.