തൃശ്ശൂര്‍: കല്ലടയിലെ ജീവനക്കാരുടെ ക്രൂരതയുടെ അലയൊലികള്‍ ഇന്നും അടങ്ങിയിട്ടില്ല. നാലുപാട് നിന്നും സ്വന്തം അനുഭവങ്ങള്‍ പങ്കുവെച്ച് പലരും രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍ സ്വന്തം അനുഭവം പങ്കുവെച്ച അധ്യാപികയ്ക്ക് കഴിഞ്ഞ ദിവസം ഭീഷണിയും എത്തിയിരുന്നു. പക്ഷേ ഇവിടെ കല്ലടയില്‍ നിന്നുമുള്ള മോശം അനുഭവം അല്ല പങ്കുവെയ്ക്കാനുള്ളത്, മറിച്ച് കല്ലടയെ വിറപ്പിച്ച അനുഭവമാണ്. തൃശ്ശൂര്‍ സ്വദേശിയായ മുഹമ്മദ് സനീബ് ആണ് അനുഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ഇങ്ങോട്ട് രൂക്ഷമായി പ്രതികരിച്ചാല്‍ ഉറച്ച ശബ്ദത്തില്‍ തന്നെ തിരിച്ചടിക്കണമെന്ന സന്ദേശം കൂടി ഈ യുവാവ് നല്‍കുന്നുണ്ട്. അതിനെ തെളിയിക്കുന്ന ജീവിതത്തിലെ അനുഭവം തന്നെയാണ് പങ്കുവെച്ചത്. സംഭവം നാല് മാസങ്ങള്‍ക്ക് മുന്‍പ് നടന്നതാണ്. യാത്രികരെയും മറ്റും തല്ലി ചതച്ചപ്പോള്‍ ഇക്കാര്യം കൂടി പുറത്ത് പറയണമെന്ന് തോന്നിയെന്നും മുഹമ്മദ് സനീബ് പറയുന്നു.
മുഹമ്മദ് സനീബ് പങ്കുവെയ്ക്കുന്ന അനുഭവം ഇങ്ങനെ;
ബംഗളൂരുവില്‍ നിന്നും തൃശൂരിലേക്ക് പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കല്ലടയുടെ ഓഫീസില്‍ പോയി. കല്ലട ബസിലെ സ്ഥിരം യാത്രക്കാരനാണ് ഞാന്‍. ഓഫീസില്‍ പലതവണ പോയിട്ടുണ്ട്. തൃശ്ശൂര്‍ ടൗണില്‍ പോകുമോ എന്ന് ഉറപ്പ് വാങ്ങിയ ശേഷമാണ് ടിക്കറ്റെടുത്തത്. അങ്ങനെ യാത്ര തുടങ്ങി. പുലര്‍ച്ചെ ജീവനക്കാരുടെ വിളി കേട്ടാണ് ഉണരുന്നത്. തൃശ്ശൂര്‍ ഇറങ്ങാന്‍ ഉള്ളവര്‍ ഇറങ്ങി വന്നേ എന്ന്. ഞാന്‍ ബാഗുമെടുത്ത് ഇറങ്ങാന്‍ ചെന്നപ്പോള്‍ സ്ഥലം തൃശൂര്‍ അല്ല, മണ്ണുത്തിയാണ്.
ബസിന്റെ പടിയില്‍ നിന്നുകൊണ്ട് തന്നെ ചോദിച്ചു. എനിക്ക് തൃശ്ശൂരാണ് ഇറങ്ങേണ്ടത്. ഇവിടെയല്ല. അതൊന്നും അറിയണ്ട. വലിയ വര്‍ത്തമാനമൊന്നും പറയാതെ മര്യാദയ്ക്ക് ഇറങ്ങിക്കോ എന്നാണ് ലഭിച്ച മറുപടി. പിന്നീട് ഗുണ്ടായിസത്തിന്റെ ഭാഷയിലായി സംസാരം. ഇങ്ങനെയുള്ള അവസരത്തില്‍ നമ്മളും ഒട്ടും മോശമാകാറില്ല. ‘ടാ എന്നെ തൃശ്ശൂര്‍ എത്തിക്കാതെ നീയൊന്നു ഇവിടെ നിന്ന് ഒരടി അനങ്ങില്ല.. ഒന്നുകില്‍ എന്നെ തൃശ്ശൂര്‍ ഇറക്കണം അല്ലെങ്കില്‍ ഇവിടെ നിന്ന് തൃശ്ശൂര്‍ വരെയുള്ള ഓട്ടോ ചാര്‍ജ് 200 രൂപയാണ്. അതുതന്ന് എന്നെ ഒരു ഓട്ടോയില്‍ കയറ്റി വിടണം.’
ഈ അഭിപ്രായം ഉറച്ച ശബ്ദത്തില്‍ തന്നെ തിരിച്ചു പറഞ്ഞു. ബസിന്റെ പടിയില്‍ നിന്നുകൊണ്ടുതന്നെ. ബഹളം ആയതോടെ ബസിന്റെ മറ്റ് യാത്രക്കാരും ഇടപെട്ടു. അവര്‍ എനിക്കൊപ്പം ഉറച്ച് നിന്നതോടെ ഇവന്മാരുടെ ഗുണ്ടായിസം ഒന്നും നടപ്പായില്ല. പിന്നീട് ആ പുലര്‍ച്ചെ സമയത്ത് തന്നെ ബസിലെ ജീവനക്കാരന് ഓട്ടോ സ്റ്റാന്‍ഡില്‍ പോയി ഓട്ടോ വിളിച്ച് കൊണ്ടുവരികയും അതിനുള്ള ചാര്‍ജും തന്ന ശേഷമാണ് ഞാന്‍ ബസില്‍ നിന്നിറങ്ങിയത്. ഒരുമിച്ച് നിന്നാല്‍ തീരാവുന്നതേയുള്ളൂ കല്ലടയുടെ ഗുണ്ടായിസമൊക്കെ. മുഹമ്മദ് പറയുന്നു. ഇത്തരത്തലുള്ള അനുഭവങ്ങള്‍ ഇനിയും ആരും മറച്ച് വയ്ക്കാതെ പങ്കുവയ്ക്കണമെന്നും യുവാവ് ആവശ്യപ്പെടുന്നു. വിഡിയോ കാണാം.
Discussion about this post