കോട്ടയം: കെവിന് കൊലപാതക കേസില്‍ നീനുവിന്റെ സഹോദരന് ഷാനു ചാക്കോയുടെ സുഹൃത്തിന്റെ നിര്‍ണായക മൊഴി പുറത്ത്. കെവിന് കൊല്ലപ്പെട്ടതായി ഷാനു തന്നെ വിളിച്ച് പറഞ്ഞെന്ന് സുഹൃത്തും അയല്‍വാസിയുമായ ലിജോ മൊഴി നല്കി.
കെവിന് മരിച്ചു. കൂടെ അനീഷ് എന്ന സുഹൃത്തിനെ പിടിച്ചിരുന്നു, അവനെ വെറുതെ വിടുകയാണ് എന്ന് ഷാനു പറഞ്ഞതായാണ് ചാക്കോയുടെ സുഹൃത്ത് ലിജോ മൊഴി നല്‍കിയിരിക്കുന്നത്. കോട്ടയം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയിലാണ് ലിജോ മൊഴി നല്‍കിയത്.
ഒന്നാം പ്രതി ഷാനു ഉള്‍പ്പെടെയുള്ള പ്രതികള്‍ കെവിനെ കൊന്നത് തങ്ങളല്ലെന്ന വാദം ഉയര്‍ത്തിയിരുന്നു. തട്ടിക്കൊണ്ട് പോയി നീനുവിനെ ഭീഷണിപ്പെടുത്തി തിരികെ കൊണ്ട് വരിക എന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും പ്രതികള്‍ മൊഴി നല്കി. എന്നാല്‍, ഇതിനെ തള്ളിക്കളയുന്നതാണ് 26-ാം പ്രതി ലിജോയുടെ മൊഴി.
ചാക്കോയുള്‍പ്പെടെയുള്ളവരെ കോട്ടയത്ത് കൊണ്ട് വന്നതും പോലീസ് കേസുമായി ബന്ധപ്പെട്ട എല്ലാത്തിനും സാക്ഷിയാവുകയും ചെയ്ത ആളാണ് ലിജോ. അത് കൊണ്ട് തന്നെ ലിജോയുടെ മൊഴി കേസില്‍ അതീവ നിര്‍ണായകമാണ്.
Discussion about this post