‘മീശയും താടിയുമുള്ള ഭീകരനായ എന്നെ അഞ്ജനാ ദേവിയുടെ ‘ഭാര്യ’ ആക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ തോന്നിയെടാ, നിനക്കുമില്ലേടാ അച്ഛനും ആങ്ങളയും?; വൈറലായി വോട്ടറുടെ കുറിപ്പ്

തൃശ്ശൂര്‍; വോട്ടര്‍ ഐഡി കാര്‍ഡില്‍ പേര് മാറി പോകുന്നതും അക്ഷര തെറ്റ് പറ്റുന്നതും ആദ്യമായിട്ടല്ല. എന്നാല്‍ സ്വന്തം കോ-സിസ്റ്ററുടെ ‘ഭാര്യ’ ആകേണ്ടി വന്നാലോ? അത്തരത്തിലുള്ള ഒരു അനുഭവ കഥയാണ് അജോയ് കുമാര്‍ എന്ന യുവാവ് ഫേസ്ബുക്കിലൂടെ പങ്ക് വയ്ക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വോട്ടര്‍ക്ക് ഉണ്ടായ അനുഭവ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഇതോടകം വൈറലായിരിക്കുകയാണ്.

ചെട്ടികുളങ്ങര വീട്ടില്‍ നിന്നും ഞാന്‍ താമസം മാറിയതിനെ തുടര്‍ന്ന് വോട്ടേഴ്സ് ലിസ്റ്റില്‍ നിന്നും പുറത്തായിരുന്നു. തുടര്‍ന്ന് ഞങ്ങള്‍ വീണ്ടും കാര്‍ഡിന് അപേക്ഷ കൊടുത്തു. ഇലക്ഷന് തലേ ദിവസം ഒരാള്‍ വിളിച്ചു ,നിങ്ങടെ കാര്‍ഡ് റെഡി ,കാലത്തേ ബൂത്തില്‍ വരൂ,തരാമെന്ന് പറഞ്ഞു.

കാര്‍ഡ് വാങ്ങി വോട്ട് ചെയ്യാന്‍ ക്യൂ നില്‍ക്കുന്നതിനിടയില്‍ ഞാന്‍ വെറുതെ കാര്‍ഡിലേക്കു നോക്കി. കാര്‍ഡില്‍ ഭര്‍ത്താവിന്റെ പേരായി കാണിച്ചിരിക്കുന്നത് അഞ്ജനാ ദേവിയെന്നാണ്. തന്റെ കോ-സിസ്റ്ററാണ് അഞ്ജന- അജോയ് ഫേസ്ബുക്കില്‍ കുറിച്ചു.

‘ഈ മീശയും താടിയുമുള്ള ഭീകരനായ എന്നെ അഞ്ജനാ ദേവിയുടെ ‘ഭാര്യ’ ആക്കാന്‍ നിനക്കൊക്കെ എങ്ങനെ തോന്നിയെടാ, നിനക്കുമില്ലേടാ അച്ഛനും ആങ്ങളയുമെന്നും പരിഹാസ രൂപേണ അജോയ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്;

ശാസ്തമംഗലം രാജാ കേശവദാസ് സ്‌കൂളിലെ എഴുപത്തഞ്ചാം നമ്പര്‍ ബൂത്ത് ഇന്നലെ ഒരു സത്യം കേട്ട് ഞെട്ടി….ഞാനാണ് നിവൃത്തിയില്ലാതെ ആ സത്യം വെളിപ്പെടുത്തിയത്

ചെട്ടികുളങ്ങര വീട്ടില്‍ നിന്നും ഞാന്‍ താമസം മാറി എന്ന പേരില്‍ എന്നെയും ശ്യാമയെയും അവിടത്തെ വോട്ടേഴ്സ് ലിസ്റ്റില്‍ നിന്നും അമ്മയും അനിയത്തിയും അളിയനും കൂടി തൂക്കി വെളിയില്‍ കളഞ്ഞത് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല.കിച്ചുവിന് പുതുതായി വോട്ടേഴ്സ് ഐഡി അപ്ലൈ ചെയ്തപ്പോള്‍ ശ്യാമ വെറുതെ നോക്കിയതാണ് .അപ്പോഴാണ് ഞങ്ങള്‍ രണ്ടും വോട്ടവകാശമില്ലാത്ത മനുഷ്യര്‍ ആണെന്നറിഞ്ഞത്

അങ്ങനെ അവസാന നിമിഷം ഞങ്ങള്‍ വീണ്ടും കാര്‍ഡിന് അപേക്ഷ കൊടുത്തു.ഇപ്പോഴത്തെ ഫ്‌ലാറ്റ് അഡ്രസ് പ്രൂഫ് ആയി ഗ്യാസ് കണക്ഷന്‍ ബുക്ക് ഉള്ളതിനാല്‍ ഞാന്‍ ശാസ്തമംഗലത്താണ് അപേക്ഷിച്ചത്,ശ്യാമയും കിച്ചുവും ഇടപ്പഴിഞ്ഞി വീട് അഡ്രസ് വെച്ച് ജഗതിയിലും.എനിക്കും ശ്യാമക്കും അതാത് ബൂത്തിലെ ഓരോരുത്തരെ റെഫെറെന്‍സ് ആയി കാണിക്കണമായിരുന്നു.ശ്യാമ ശ്രീകുമാരി തമ്പി എന്ന അമ്മായിയെ ആണ് വെച്ചത്,ഞാന്‍ ശ്യാമയുടെ നാത്തൂന്‍,അതായത് എന്റെ കോ സിസ്റ്റര്‍ ആയ അഞ്ജനയെയും

അങ്ങനെ ഇലക്ഷന് തലേ ദിവസം ഒരാള്‍ വിളിച്ചു , അജോയ് കുമാര്‍ നിങ്ങടെ കാര്‍ഡ് റെഡി ,കാലത്തേ ബൂത്തില്‍ വരൂ,തരാം,

സന്തോഷമായി രാജേട്ടാ എന്ന് പറഞ്ഞ് കാലത്തേ കുളിച്ചു കുറിയുമിട്ട് ഞാന്‍ ശാസ്തമംഗലം ബൂത്തിലേക്കും ശ്യാമയും കിച്ചുവും ജഗതി ബൂത്തിലേക്കും പോയി. നേരെ ചെന്ന് ആളെ കണ്ടു പിടിച്ചു കാര്‍ഡ് ഒക്കെ ഒപ്പിട്ടു വാങ്ങി.പഴയ പോലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് അല്ല. നല്ല ഈസ്റ്റ്മാന്‍ കളറില്‍ ഉള്ള കട്ടിക്കാര്‍ഡ്.സൂപ്പര്‍. അയാള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് ഞാന്‍ കാര്‍ഡും വാങ്ങി വോട്ട് ചെയ്യാന്‍ പോയി

ക്യൂ നില്‍ക്കുന്നതിനിടയില്‍ ഞാന്‍ വെറുതെ കാര്‍ഡിലേക്കു നോക്കി. അറിയാതെ വായോളം വന്ന നിലവിളി വിഴുങ്ങി ഞാന്‍ പന്തം കണ്ട പെരുച്ചാഴിയെ പോലെ ക്യൂവില്‍ നിന്ന് വെപ്രാളം കാണിച്ചു,പുറകിലോട്ടു ഓടാന്‍ സ്ഥലമില്ല,മുന്നിലാണെങ്കില്‍ ബൂത്ത്.

കയറി വരൂ ,പോളിംഗ് ഓഫീസര്‍ വിളിച്ചപ്പോള്‍ ഞാന്‍ വിളറിയ മുഖവുമായി അങ്ങോട്ട് ചെന്നു. കാര്‍ഡ് വാങ്ങി നോക്കിയ പുള്ളി ചിരിയോടെ അടുത്ത ആളിന് കൊടുത്തു.എല്ലാവരും അത് നോക്കി അടക്കി ചിരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു

ചിരിക്കേണ്ട…..അഞ്ജന ദേവി എന്റെ ഭര്‍ത്താവ് തന്നെയാണ്. ചുമ്മാ സ്ത്രീ സമത്വം എന്നൊക്കെ വാചകമടിച്ചാല്‍ പോരെ. ഭാര്യയെ ഭര്‍ത്താവായി കാണുന്ന എത്ര പുരുഷന്മാര്‍ കാണും ഈ കേരളത്തില്‍, പറയെടോ , പറയാന്‍

പ്രിസൈഡിങ് ഓഫീസറായ യുവതിയെ നോക്കി ഞാന്‍ പറഞ്ഞു, ഒരു സ്ത്രീയെ ഇത്ര ബഹുമാനിക്കുന്ന പുരുഷനായ എന്നെ നോക്കി കുറഞ്ഞ പക്ഷം നിങ്ങള്‍ക്കെങ്കിലും ചിരിക്കാതെ ഇരിക്കാമായിരുന്നു

വോട്ട് ചെയ്തിട്ട് പുറത്തേക്കു നടക്കവേ ഞാന്‍ മനസ്സില്‍ പറഞ്ഞു ,അജോയ് കുമാര്‍ എന്നുള്ള എന്റെ പേര് നീയൊക്കെ റേഷന്‍ കാര്‍ഡില്‍ കുജോയ് അമാര്‍ ആക്കിയിട്ടുണ്ട്. അച്യുത് ശങ്കറിനെ അച്യുത സുന്ദര്‍ ആക്കിയിട്ടുണ്ട്, മാധവിക്കുട്ടിയെ മാധവക്കുട്ടന്‍ ആക്കിയിട്ടുണ്ട്, ഒക്കെ ഞാന്‍ ക്ഷമിച്ചു, എന്നാലും മഹാപാപികളെ,ഈ മീശയും താടിയുമുള്ള ഭീകരനായ എന്നെ അഞ്ജനാ ദേവിയുടെ ഭാര്യ ആക്കാന്‍ നിനക്കൊക്കെ എങ്ങനെ തോന്നിയെടാ, നിനക്കുമില്ലേടാ അച്ഛനും ആങ്ങളയും

Exit mobile version