കൊച്ചി: സകലകലാ വല്ലഭന് എന്നൊക്കെ പറയാറില്ലെ.. അതെ ഈ കൊച്ചുമിടുക്കനാണ് അതിന് ഉദാഹരണം. പെരുമ്പാവൂര്‍ ഉപജില്ലാ മത്സരത്തില്‍ മികച്ച നാടകനടനായി തെരഞ്ഞെടുത്ത ആദിത്യന്, മൂന്നുവര്‍ഷമായി ജില്ലാതല പാചകമത്സരത്തിലെ ഒന്നാം സ്ഥാനക്കാരന്കൂടിയാണ്.
മേശയില്‍ പായവിരിച്ച്, വാഴയിലയിട്ട മണ്പാത്രത്തിലേക്കും ഇലപ്ലേറ്റിലേക്കും പോഷക സമൃദ്ധമായ വിഭവങ്ങള്‍ തയ്യാറാക്കി വിളമ്പുന്നത് കൈപ്പുണ്യമുള്ള ഈ നടനാണ്. പത്തില മത്തങ്ങ എരിശേരി, കാട്ട് അവിയല്‍, കൊടപ്പന്‍ ചമ്മന്തി, കുമ്പളങ്ങ ഹല്‍വ, ദശപത്ര പായസം, ചേമ്പ് അസ്ത്രം, പിണ്ടി ധാന്യ തോരന്‍, ചേന പൊള്ളിച്ചത്, കപ്പമുതിര അട, ഗ്രീന്‍ സോയ ചപ്പാത്തി റോള്‍ എന്നിങ്ങനെ നാവില്‍ രുചിയൂറുന്ന വിഭവങ്ങളാണ് ആദിത്യന്റെ മാസ്റ്റര്‍പീസ്.
വളയന്‍ചിറങ്ങര എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ആദിത്യന് നൂതന്, അമ്പിളി എന്നീ അധ്യാപകരുടെ പ്രോത്സാഹനത്തിലാണ് പാചകരംഗത്തേക്കെത്തിയത്. പിന്നീടങ്ങോട്ട് ജില്ലാതലത്തിലെ സ്ഥിരം ഒന്നാംസ്ഥാനക്കാരനായി മാറുകയായിരുന്നു. ഇതിനിടെയാണ് നാടകമത്സരത്തില്‍ പങ്കെടുത്തത്. മാവോയിസ്റ്റ് എന്ന നാടകത്തില്‍ പോത്തിന്റെ വേഷം അവതരിപ്പിച്ച് ആദിത്യന് ഉപജില്ലയിലെ മികച്ച നടനുമായി. ജില്ലാതല കലോത്സവത്തില്‍ തയ്യാറെടുക്കുകയാണ് ഈ പാചക കലാകാരന്. ഇക്കണോമിക് ന്യൂട്രിഷ്യസ് ഫുഡ് ഐറ്റം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സംസ്ഥാനതലത്തിലും നേട്ടങ്ങള്‍ കരസ്ഥമാക്കാനാകുമെന്ന പ്രതീക്ഷയും ആദിത്യനുണ്ട്. വളയന്‍ചിറങ്ങര സ്വദേശികളായ രവിയുടെയും അമ്ബിളിയുടെയും മകനാണ് ആദിത്യന്.
Discussion about this post