തൃശ്ശൂര്‍: വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി ഫേസ്ബുക്ക് പോസ്റ്റ് ഇട്ട് മുന്‍ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ രൂപേഷ് പന്ന്യന്‍. പാഠം ഒന്ന് രാഹുല്‍ എന്ന തലക്കെട്ടോടെയാണ് രൂപേഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ഷെയര്‍ ചെയ്തത്. എന്നാല്‍ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ സിപിഐയില്‍ പൊട്ടിത്തെറിക്ക് സാധ്യതയേറുകയാണ്. സിപിഐയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയും എംപിയും ഒക്കെ ആയി പ്രവര്‍ത്തിച്ച ഒരാളുടെ മകന്‍ തന്നെ രാഹുലിനെ പുകഴ്ത്തി രംഗത്ത് വരുക എന്നത് ഇടതുപക്ഷ പ്രവര്‍ത്തകരില്‍ വലിയ ആശയകുഴപ്പം ആണ് സൃഷിടിച്ചിരിക്കുന്നത് .
പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ തന്നെ പരസ്യ പിന്തുണ നല്‍കുമ്പോള്‍ തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങള്‍ക്കപ്പുറം സംഘടനയുടെ നിലനില്‍പ്പിനെ തന്നെ വെല്ലുവിളിക്കുന്ന രീതിയില്‍ എതിരാളികള്‍ക്ക് അത് പ്രചരിപ്പിക്കാനുമാകും .ഇത് വരും ദിവസങ്ങളില്‍ സിപിഐയിലും യുവജന സഘടനയിലും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാകും എന്നാണ് പേര് വെളിപ്പെടുത്താല്‍ ആഗ്രഹിക്കാത്ത സിപിഐയുടെ മലപ്പുറം ജില്ലയില്‍ നിന്നുള്ള ഒരു ജില്ലാ നേതാവ് ബിഗ് ന്യൂസിനോട് പറഞ്ഞത്.
താളുകള്‍ മറിയ്ക്കുന്തോറും തിളക്കം കൂടി കൂടി വരുന്നൊരു പാഠ പുസ്തകമായി മാറി കൊണ്ടിരിക്കുകയാണ് രാഹുല്‍ എന്നാണ് രൂപേഷ് കുറിച്ചത്. രാജ്യനന്മയ്ക്കായി നല്ലൊരു ഇന്ത്യക്കായി നിങ്ങളോട് ചേര്‍ന്നു നില്ക്കാതെ ഞങ്ങളെങ്ങിനെ ഹൃദയപക്ഷമാകും എന്നും രൂപേഷ് പറയുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി പ്രത്യക്ഷപ്പെട്ട കുറിപ്പിന് പിന്തുണ നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മും സിപിഐയും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇത്തവണ ഒറ്റക്കെട്ടായി ആണ് ഇടതുപക്ഷം വയനാട്ടില്‍ പ്രവര്‍ത്തിച്ചത്. മുന്‍പെങ്ങും ഇല്ലാതിരുന്ന ഒത്തൊരുമയ പ്രവര്‍ത്തനങ്ങളില്‍ പ്രകടമായിരുന്നു .ഈ സാഹചര്യത്തിലാണ് മുന്‍കൂട്ടി തോല്‍വി സമ്മതിക്കും വിധത്തില്‍ രൂപേഷിന്റെ കുറിപ്പ്. ഇത് വരും ദിവസങ്ങളില്‍ സിപിഐയില്‍ പൊട്ടിത്തെറിക്ക് വഴിവെയ്ക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
രൂപേഷ് പന്ന്യന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
പാഠം ഒന്ന് രാഹുല്‍ …
താളുകള്‍ മറിയ്ക്കുന്തോറും തിളക്കം കൂടി കൂടി വരുന്നൊരു പാഠം പുസ്തകമായി മാറി കൊണ്ടിരിക്കുകയാണ് രാഹുല്‍ നിങ്ങള്‍…
നിരാശ നിറഞ്ഞ ഈ കാലത്ത് പ്രതീക്ഷയുടെ പൊന്‍വെളിച്ചമായി നിങ്ങളല്ലാതെ മറ്റൊരു മുഖം ഞങ്ങള്‍ക്ക് മുന്നിലില്ല രാഹുല്‍ ….
അംബാനിമാരുടെയും അദാനി മാരുടെതുമല്ല ഈ നാട് എന്നുറക്കെ… ചങ്കൂറ്റത്തോടെ വിളിച്ചു പറയാന്‍ നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കുമാവുന്നില്ലല്ലോ രാഹുല്‍..സമ്പന്നതയുടെ മടിതട്ടില്‍ പിറന്നു വിണിട്ടും സമ്പന്നരോടകലം പാലിക്കുന്ന നിങ്ങളെ.. ദരിദ്രരായി പിറന്നു വീണ്…സമ്പന്നരെ മാത്രം അടുപ്പക്കാരാക്കാന്‍ തിടുക്കം കൂട്ടുന്ന ഈ കാലത്തെ നേതാക്കളുമായി ഞങ്ങളെങ്ങിനെ കൂട്ടിക്കെട്ടും രാഹുല്‍ ..ബാരാ കോട്ടില്‍ രാജ്യത്തോടൊപ്പം നിന്ന്..ശത്രുവിന് മുന്നില്‍ നമ്മളൊന്നാണെന്ന ശരാശരി ഇന്ത്യക്കാരന്റെ മനസ്സ് പങ്കുവെച്ചപ്പോള്‍ .. നിങ്ങള്‍ ഇടിച്ചു കയറിയത് ഓരോ ഭാരതീയന്റെയും ഇടനെഞ്ചിലേക്കായിരുന്നു രാഹുല്‍ …വയനാട്ടില്‍ പറന്നിറങ്ങിയ നിങ്ങളെ വാക്കുകള്‍ കൊണ്ടാവോളം നോവിച്ചവരെ ഹൃദയപക്ഷമായി ചേര്‍ത്തു പിടിച്ചപ്പോള്‍ നിങ്ങള്‍ കൈമാറിയ സന്ദേശം പക്വതയുടെയും പാകതയുടെയും മാത്രമായിരുന്നില്ല ഇടതുപക്ഷമെന്ന നന്മപക്ഷവുമായി ഇടഞ്ഞു നില്ക്കാനുള്ളതല്ല കാലം നിങ്ങളെ ഏല്‍പ്പിച്ച നിയോഗം എന്ന തിരിച്ചറിവു തന്നെയായിരുന്നു രാഹുല്‍ …നെഞ്ചകം നോവും നിരാശ മാത്രം ബാക്കിയാക്കിയ അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷം പ്രത്യാശയുടെ ഇളം കാറ്റ് തേടിയലയുന്ന ഞങ്ങളുടെ കാഴ്ചയില്‍ മമതയും മായാവതിയും നായിഡുവും ഒരിക്കലുമുണ്ടായിട്ടില്ല രാഹുല്‍ …ചിരി തൂകും ആ മുഖത്തിന് പിന്നില്‍.. സ്‌നേഹവും നന്മയും ലാളിത്യവും ചങ്കൂറ്റവും മാത്രമാണെന്ന് ഞങ്ങളറിയാതെ ഞങ്ങളുടെ മനസ്സിനെ കൊണ്ടു പറയിച്ചത്…വിനയവും ലാളിത്യവും രാജ്യ സ്‌നേഹവും സാധാരണക്കാരോടുള്ള അസാധാരണ അടുപ്പവും നിങ്ങളുടെ മുഖത്തും പ്രവൃത്തിയിലും കലര്‍പ്പില്ലാതെ എഴുതി ചേര്‍ത്തത് ആര്‍ക്കും എളുപ്പത്തില്‍ വായിക്കാന്‍ പറ്റുന്നത്രയും തെളിമയോടെ തെളിഞ്ഞു നില്ക്കുന്നതു കൊണ്ടു മാത്രമാണ് രാഹുല്‍…രാജ്യനന്മയ്ക്കായി.. നല്ലൊരിന്ത്യക്കായി നിങ്ങളോട് ചേര്‍ന്നു നില്ക്കാതെ ഞങ്ങളെങ്ങിനെ ഹൃദയപക്ഷമാകും രാഹുല്‍ …
(LDF കുടുംബയോഗത്തില്‍ സംസാരിച്ചപ്പോഴും.. ഇടതുപക്ഷം ജയിക്കണം രാഹുലിന് കരുതലായി.. എന്ന സന്ദേശത്തിലൂന്നി തന്നെയായിരുന്നു ഞാന്‍ സംസാരിച്ചതും… മനസ്സ് ആഗ്രഹിച്ചതും) ( അഭിപ്രായങ്ങള്‍ തികച്ചും വ്യക്തിപരം)