മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സ്‌റ്റെതസ്‌കോപ്പ് കഴുത്തിലണിഞ്ഞ് ഓവര്‍ക്കോട്ട് ധരിച്ച് കറങ്ങിനടന്ന് ഒരു ലേഡി ഡോക്ടര്‍; പറയുന്നത് മെഡിക്കല്‍ പദങ്ങളും; ഒടുവില്‍ പിടി വീണപ്പോള്‍!

മെഡിക്കല്‍ കോളജില്‍ വ്യാജ ഡോക്ടറെ കണ്ടെത്തിയ സംഭവം ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്.

മലപ്പുറം: ലേഡി ഡോക്ടര്‍ ചമഞ്ഞ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ കറങ്ങിനടന്ന യുവതിക്ക് ഒടുവില്‍ പിടിവീണു. ചികിത്സിച്ചതായി ആരുടെയും പരാതി ഇല്ലാത്തതിനാല്‍ കേസെടുക്കാതെ യുവതിയെ പോലീസ് വീട്ടിലേക്കു മടക്കിയയച്ചു. എറണാകുളം സ്വദേശിയായ യുവതിയാണ് കഴിഞ്ഞ ദിവസം അത്യാഹിത വിഭാഗത്തിലും വാര്‍ഡിലും കറങ്ങിയത്. ഏകദേശം 25 വയസ്സ് തോന്നിക്കുന്ന ഇവര്‍ സാരിക്കു മീതേ ഓവര്‍കോട്ട് ധരിച്ചിരുന്നു. പോക്കറ്റില്‍ സ്റ്റെതസ്‌കോപ്പും ഉണ്ടായിരുന്നു. ഇടയ്ക്ക് മെഡിക്കല്‍ പദങ്ങളൊക്കെ പ്രയോഗിക്കുകയും ചെയ്തിരുന്നു.

പെരുമാറ്റത്തില്‍ പന്തികേടു തോന്നി സുരക്ഷാ ജീവനക്കാര്‍ ചോദ്യം ചെയ്തപ്പോള്‍ സൂപ്രണ്ടിന്റെ അയല്‍വാസി ആണെന്നായിരുന്നു മറുപടി. സംശയം തോന്നി ഇവര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഫോറന്‍സിക് മെഡിസിനില്‍ പരിശീലനത്തിനു വേണ്ടി വന്നതാണെന്നും വീട്ടില്‍നിന്ന് പോന്നിട്ട് ഒരാഴ്ചയായെന്നുമാണ് പറഞ്ഞത്.

ഹൗസ് സര്‍ജന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കാതെയാണ് ആശുപത്രിയില്‍ പ്രവേശിക്കാറുള്ളതെന്നും അതിനാലാണ് യുവതിയെ തിരിച്ചറിയാന്‍ കഴിയാതിരുന്നതെന്നും ആരോപണമുണ്ട്. അതേസമയം, മെഡിക്കല്‍ കോളജില്‍ വ്യാജ ഡോക്ടറെ കണ്ടെത്തിയ സംഭവം ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്.

Exit mobile version