തൃശ്ശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഈ പേര് കേള്‍ക്കുമ്പോള്‍ തന്നെ ഹരംകൊള്ളുന്നവരാണ് തൃശ്ശൂരിലെ ഗഡികള്‍. ഇവിടെ മാത്രമല്ല, മറ്റ് ജില്ലകളിലും രാമചന്ദ്രന് ആരാധകര്‍ ഏറെയാണ്. എന്നാല്‍ ഇവരെല്ലാം ഇപ്പോള്‍ നിരാശരാണ്. കാരണം മറ്റൊന്നുമല്ല രാമചന്ദ്രന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക്. തൃശ്ശൂര്‍ പൂരം അടുത്തതോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഇറക്കാനുള്ള നെട്ടോട്ടത്തിലാണ് ആരാധകര്‍. എന്നാല്‍ എല്ലാ പ്രതീക്ഷകള്‍ക്കും വിപരീതമായി തൃശ്ശൂര്‍ കളക്ടര്‍ ടിവി അനുപമ നിലപാട് എടുത്തു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഇറക്കേണ്ട, വിലക്ക് തുടരാം എന്ന്. ഇതോടെ കടുത്ത നിരാശയിലാണ് കൂട്ടര്‍. സംഭവത്തില്‍ പ്രതിഷേധവും മറ്റും രേഖപ്പെടുത്തുന്നുണ്ട്. തലപൊക്കത്തിലും എടുപ്പിലും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വെല്ലാന്‍ മറ്റാരുമില്ലെന്നാണ് ആരാധകരുടെ പക്ഷം. എല്ലാ ഗജലക്ഷണങ്ങളും തികഞ്ഞ ആനയെന്ന് കണക്കാക്കുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ആനപ്രേമികള്‍ രാമരാജന്‍ എന്നാണ് വിളിക്കുന്നത്. എന്നാല്‍ രാമചന്ദ്രന്‍ ഇപ്പോള്‍ ആളുകളുടെ ജീവന്‍ എടുക്കുന്ന കാര്യത്തിലാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. 50 വയസ്സിനിടെ 13 പേരെയാണ് കൊലപ്പെടുത്തിയത്. ഇതില്‍ സ്ത്രീകളും ഒരു വിദ്യാര്‍ത്ഥിയും ഉള്‍പ്പെടുന്നുണ്ട്. ആറ് പാപ്പാന്മാരുടെയും ജീവനെടുത്തിട്ടുണ്ട് രാമചന്ദ്രന്‍.
ഇപ്പോള്‍ ആള്‍ ക്ഷീണിതനാണ്. ചെറിയ ശബ്ദം പോലും രാമചന്ദ്രന്‍ ഇടയാന്‍ കാരണമാകും. അതിനാലാണ് വിലക്ക് മാറ്റാന്‍ കഴിയില്ലെന്ന നിലപാട് കളക്ടറും കൈകൊണ്ടിരിക്കുന്നത്. ഫെബ്രുവരി മാസം 8- ാം തീയതിയായിരുന്നു അവസാനമായി രാമചന്ദ്രന്‍ ഇടഞ്ഞത്. പിന്നില്‍ നിന്ന് പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ടായിരുന്നു രാമചന്ദ്രന്‍ കലിതുള്ളിയത്. ഓടുന്നതിനിടെ സമീപത്ത് നില്‍ക്കുകയായിരുന്ന കണ്ണൂര്‍ സ്വദേശി ബാബു, കോഴിക്കോട് നരിക്കുനി സ്വദേശി ഗംഗാധരന്‍ എന്നിവരുടെയും ജീവന്‍ എടുത്തു. ഈ സംഭവത്തെ തുടര്‍ന്നായിരുന്നു വനംവകുപ്പ് തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ 15 ദിവസത്തേക്ക് എഴുന്നള്ളിപ്പില്‍ നിന്ന് വിലക്കിയത്.
അമ്പത് വയസിലേറെ പ്രായമുളള രാമചന്ദ്രന്റെ കാഴ്ച്ചയ്ക്കും തകരാറുണ്ട്. ഒരോ പതിനഞ്ച് ദിവസം കൂടുമ്പോഴും ആനയെ പരിശോധിക്കുകയും അടുത്ത പതിനഞ്ച് ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തുകയുമാണ് ചെയ്തുവന്നിരുന്നത്. അതിനിടയിലാണ് തൃശ്ശൂര്‍ പൂരത്തിന് തിടമ്പേറ്റാന്‍ രാമചന്ദ്രന്‍ വേണമെന്ന വികാരം ആനപ്രേമികള്‍ക്കിടയില്‍ ശക്തമായത്. 2011 മുതല്‍ തൃശ്ശൂര്‍ പൂരത്തിന് തെക്കേ ഗോപുര വാതില്‍ തള്ളിത്തുറക്കുന്ന ആചാരപ്രധാനമായ ചടങ്ങിന് നിയോഗിക്കുന്നത് തെച്ചിക്കോട്ട് രാമചന്ദ്രനെയാണ്. ഇക്കുറിയും പൂരത്തിന് രാമചന്ദ്രന്‍ വേണമെന്നാണ് ആവശ്യം ശക്തമാകുന്നത്. എന്നാല്‍ തൃശൂര്‍ കളക്ടര്‍ ടിവി അനുപമയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന നാട്ടാന നിരീക്ഷണസമിതിയോഗം വിലക്ക് തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
വിലക്ക് പിന്‍വലിക്കാനുള്ള സാഹചര്യം നിലവില്‍ ഇല്ലെന്നും രാമചന്ദ്രന് എഴുന്നള്ളിപ്പിനുള്ള അനുമതി നല്‍കാനാവില്ലെന്നും ടിവി അനുപമ ഉറച്ച നിലപാടെടുത്തു. രാമചന്ദ്രന്‍ എപ്പോള്‍ വേണമെങ്കിലും ഇടയാനുള്ള സാഹചര്യമുണ്ടെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഇതോടെ ആനപ്രേമികളും ആന ഉടമകളുടെ സംഘടനാ നേതാക്കളും യോഗത്തില്‍ പ്രതിഷേധം അറിയിച്ചു. ആനപ്രേമികളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കാം എന്ന് വ്യക്തമാക്കി മന്ത്രി വിഎസ് സുനില്‍ കുമാറും രംഗത്തെത്തിയിട്ടുണ്ട്. 15 ദിവസത്തേക്ക് കൂടിയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ തൃശ്ശൂര്‍ പൂരത്തിന് തിടമ്പേറ്റുന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുവാന്‍ കാലതാമസം എടുക്കും.