തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശ്ശൂര്‍ പൂരത്തിന് എഴുന്നള്ളിക്കാനാവില്ലെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ. കടുത്ത ആരോഗ്യപ്രശ്നങ്ങളുള്ളത് കൊണ്ട് എപ്പോള്‍ വേണമെങ്കിലും ഇടയാന്‍ സാധ്യതയുള്ളതിനാല്‍ ആനയെ ഉത്സവങ്ങളില്‍ എഴുന്നള്ളിക്കുന്നതിനുള്ള വിലക്ക് തുടരുമെന്നും കലക്ടര്‍ അറിയിച്ചു.
അതെസമയം നിരോധനം തുടരാനുള്ള തീരുമാനത്തിന് എതിരെ ആന ഉടമകളുടെ സംഘടനകള്‍ രംഗത്തെത്തി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയാല്‍ ഒരു ആനയെയും പൂരത്തിന് വിട്ട് നല്‍കില്ലെന്ന് ആന ഉടമകള്‍ വ്യക്തമാക്കി. വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു.
തൃശൂര്‍ കളക്ടര്‍ ടിവി അനുപമയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന നാട്ടാന നിരീക്ഷണസമിതിയോഗമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് തുടരാന്‍ തീരുമാനിച്ചത്. ശാരീരികാവശതകള്‍ രൂക്ഷമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും നേരത്തെ ഉത്തരവിറക്കിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് വനം വകുപ്പും നാട്ടാന മോണിറ്ററിങ് കമ്മറ്റിയും ചേര്‍ന്ന് ആനയെ ഉത്സവത്തിന് എഴുന്നള്ളിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. 15 ദിവസത്തേക്കുള്ള വിലക്ക് പിന്നീടും 15 ദിവസം വെച്ച് തുടരുകയായിരുന്നു.
ഫെബ്രുവരി എട്ടിന് ഗുരുവായൂരില്‍ ഗൃഹ പ്രവേശത്തിനെത്തിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പടക്കം പൊട്ടിയതിനെ തുടര്‍ന്ന് ഇടഞ്ഞോടിയത് രണ്ട് പേരുടെ മരണത്തിനിടയാക്കിയിരുന്നു. ചെറിയ ശബ്ദം കേട്ടാല്‍ പോലും വിരളുന്ന അവസ്ഥയുണ്ടെന്ന നിഗമനത്തെ തുടര്‍ന്നാണ് ആനക്ക് വിലക്കേര്‍പ്പെടുത്തിയത്.
അമ്പത് വയസ് പിന്നിട്ട രാമചന്ദ്രന് 13 പേരുടെ ജീവനെടുത്തിട്ടുണ്ട്. ആറ് പാപ്പാന്മാര്ക്കും നാല് സ്ത്രീകള്‍ക്കും രണ്ട് പുരുഷന്മാര്ക്കും ഒരു വിദ്യാര്‍ത്ഥിക്കുമാണ് രാമചന്ദ്രന് കാരണം ജീവന് നഷ്ടമായത്.
Discussion about this post