കൊച്ചി: സ്വകാര്യ ട്രാവല്‍സായ കല്ലട ബസില്‍ യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ചോദ്യം ചെയ്യലിനായി ബസ് ഉടമ സുരേഷ് കല്ലട ഹാജരായി. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലാണ് സുരേഷ് ഹാജരായത്. മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തില്‍ സുരേഷ് കല്ലടക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് നീക്കം. ഇതിന് സഹകരിക്കാത്ത പക്ഷം ഇയാള്‍ക്കെതിരെ കോടതിയെ സമീപിക്കാനാണ് പോലീസ് തീരുമാനം. ഇന്ന് കൂടി ഹാജരായില്ലെങ്കില്‍ കൂടുതല്‍ നിയമ നടപടികളിലേക്ക് നീങ്ങാനായിരുന്നു പോലീസിന്റെ ആലോചന.
ഇന്ന് ഹാജരായില്ലെങ്കില്‍ സുരേഷിനെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും ശാരീരിക അസ്വാസ്ഥ്യവും തുടരുന്നതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നാണ് രാവിലെ പോലീസിനെ അറിയിച്ചിരുന്നത്. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ മരട് സിഐയുടെ ഓഫീസില്‍ ഹാജരാകാനാണ് സുരേഷിന് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നത്.
എന്നാല്‍, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഹാജരാകാനാകില്ലെന്നും ആണ് സുരേഷ് കല്ലട പോലീസിനെ അറിയിച്ചിരുന്നത്. ഇതേതുടര്‍ന്ന്, ചികിത്സാ രേഖകള്‍ ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ സുരേഷ് ഹാജരാകും എന്ന് കരുതിയിരുന്നെങ്കിലും സുരേഷ് കല്ലട എത്തിയില്ല.