വോട്ടെടുപ്പ് ദിനത്തില്‍ എങ്ങിനെ പെരുമാറണമെന്ന് ഫഹദ് ഫാസിലിനോടും മമ്മൂട്ടിയോടും ടൊവീനയോടുമെല്ലാം ചോദിക്കൂ, പറഞ്ഞു തരും; മോഹന്‍ലാലിനോട് ഹൈക്കോടതി അഭിഭാഷകന്‍

58 വയസ്സുള്ള, സ്‌ക്രീനില്‍ മഹാനടനായിട്ടുള്ള ഒരു കലാകാരനായ താങ്കള്‍ ജീവിതത്തിലെ കന്നിവോട്ട് ഇന്ന് ചെയ്തുവത്രേ. അത് ഉളുപ്പില്ലാതെ മാധ്യമ ക്യാമറകളെ നോക്കി പറയുകയും ചെയ്തിരിക്കുന്നു രോഷത്തോടെ ജംഹഗീര്‍ കുറിച്ചു.

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണിക്കൂര്‍ നേരം വരിയില്‍ നിന്ന് വോട്ട് ചെയ്ത താരരാജാവ് എന്ന നിലയില്‍ വലിയ പ്രചരണമാണ് മോഹന്‍ലാലിന് ലഭിച്ചത്. എന്നാല്‍ പ്രതിഷേധം രേഖപ്പെടുത്തി മറ്റു ചിലര്‍ രംഗത്തുണ്ട്. ഇപ്പോള്‍ താരത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് ഹൈക്കോടതി അഭിഭാഷകനായ ജഹാംഗീര്‍ റസാഖ് പാലേരി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ രോഷം കുറിച്ചത്.

നോട്ടു നിരോധനക്കാലത്ത് ക്യുവില്‍ നില്‍ക്കാന്‍ രാജ്യം കടുത്ത അതൃപ്തി പ്രകടമാക്കിയപ്പോള്‍ ബിവറേജസിലും മറ്റും ക്യൂ നില്‍ക്കുന്നവര്‍ക്ക് എന്തുകൊണ്ട് ക്യൂ നിന്നുകൂടാ എന്ന തലത്തില്‍ ചോദ്യമുണര്‍ത്തിച്ച വ്യക്തിയാണ് മോഹന്‍ലാല്‍. ഇതാണ് ഇന്ന് താരത്തിന് തിരിച്ചടിയായത്. വോട്ട് രേഖപ്പെടുത്തുവാന്‍ എത്തിയ താരം ക്യൂ നില്‍ക്കാതെ പോലീസ് അകമ്പടിയോടെ ആദ്യം കയറി വോട്ട് ചെയ്യാന്‍ ശ്രമം നടത്തി.

എന്നാല്‍ മറ്റ് വോട്ടര്‍മാര്‍ തടഞ്ഞു നിര്‍ത്തി ക്യൂവില്‍ നിര്‍ത്തിക്കുകയായിരുന്നു. താരത്തെ നെഞ്ചിലേറ്റിയ അതേ മലയാളികള്‍ തന്നെയാണ് ക്യൂവില്‍ നിര്‍ത്തിച്ചത്. കാരണം അകത്തളത്തില്‍ ഇരുന്ന് ബ്ലോഗില്‍ കുറിച്ചത് ആരും മറന്നിട്ടില്ല എന്നൊരു ഓര്‍മ്മപ്പെടുത്തല്‍. വോട്ടെടുപ്പ് ദിനത്തില്‍ എങ്ങിനെ പെരുമാറണമെന്നത് മഹാനടനായ മോഹന്‍ലാല്‍ ഫഹദ് ഫാസിലിനോടും മമ്മൂട്ടിയോടും ടൊവീനയോടുമെല്ലാം ചോദിച്ച് പഠിക്കേണ്ടിയിരിക്കുന്നുവെന്നും ജഹാംഗീര്‍ കുറിച്ചു.

58 വയസ്സുള്ള, സ്‌ക്രീനില്‍ മഹാനടനായിട്ടുള്ള ഒരു കലാകാരനായ താങ്കള്‍ ജീവിതത്തിലെ കന്നിവോട്ട് ഇന്ന് ചെയ്തുവത്രേ. അത് ഉളുപ്പില്ലാതെ മാധ്യമ ക്യാമറകളെ നോക്കി പറയുകയും ചെയ്തിരിക്കുന്നു രോഷത്തോടെ ജംഹഗീര്‍ കുറിച്ചു. അതിരാവിലെ പോയി ഒരു സിവില്‍ സമൂഹത്തില്‍ പാലിക്കേണ്ട ജനാധിപത്യ മര്യാദകളെല്ലാം പോലീസിന്റെ സഹായത്തോടെ നിഷേധിക്കാന്‍ അല്ലേ ആദ്യ ശ്രമം നടത്തിയതെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. എന്നാല്‍ അവകാശബോധമുള്ള മനുഷ്യര്‍ ആ ക്യൂവില്‍ ഉള്ളതിനാല്‍ പിറകില്‍പ്പോയി നില്‍ക്കുവാന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അല്ലേ മണിക്കൂര്‍ നേരം ക്യൂവില്‍ നിന്നതെന്നും അദ്ദേഹം തുറന്നടിച്ചു. രണ്ടുമണിക്കൂറോളം കാത്തുനിന്ന് വോട്ട് ചെയ്തുവെന്ന് വരുത്തേണ്ട ഗതികേടിന്റെ അസ്വസ്ഥതയും താങ്കളുടെ മുഖത്ത് പ്രകടമായിരുന്നുവെന്നും ജഹാംഗീര്‍ കുറിച്ചു.

പൂജാമുറിയില്‍ ഫോട്ടോവെച്ച് ആരാധിക്കുകയും, താരത്തിനായി ക്ഷേത്രം പണിയുകയും, പാലഭിഷേകം നടത്തുകയും വേണ്ടിവന്നാല്‍ തീകൊളുത്തി മരിക്കുകയും ചെയ്യുന്ന തമിഴ്‌നാട്ടില്‍പ്പോലും അവരുടെ താരദൈവങ്ങളായ രജനീകാന്തും, ജോസഫ് വിജയും, വിജയ് സേതുപതിയും, തല അജിത്തുമെല്ലാം പൊരിവെയിലില്‍ ക്യൂ നിന്നുകൊണ്ട് വര്‍ഷങ്ങളായി വോട്ടുകള്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം തുറന്നെഴുതി. ഞങ്ങളെപ്പോലെ ക്യൂ നില്‍ക്കാനും വെയിലുകൊള്ളാനുമൊക്കെ സൗകര്യമുണ്ടെങ്കില്‍ വീണ്ടും ജനാധിപത്യ ഉത്സവങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. കാരണം അറുപത് വര്‍ഷം താങ്കള്‍ പോളിങ് ബൂത്തില്‍ വരാതിരുന്നിട്ടും ഇന്ത്യന്‍ ജനാധിപത്യം മനോഹരമായി തുടരുന്നുണ്ടെന്നും ജഹാംഗീര്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

അത്രമേല്‍ പ്രിയപ്പെട്ട ലാലേട്ടാ, Mohanlal

താങ്കള്‍ ഹിമാചല്‍ പ്രദേശിലെ ശ്യാം സരണ്‍ നേഗിയെ അറിയുമോ? താങ്കളെപ്പോലെ താരമോ വിഐപിയോ അല്ല. ആദ്യത്തെ തിരഞ്ഞെടുപ്പിലെ ആദ്യത്തെ വോട്ടറായിരുന്നു നേഗി. ഇപ്പോള്‍ വയസ് 102. പതിനേഴാമത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നേഗി വോട്ട് ചെയ്യുന്നു. നേഗിയെ ഭാരതരത്‌നം നല്‍കി ആദരിക്കണം.ജനാധിപത്യത്തിലെ മുത്താണ് അയാള്‍. അമൂല്യമായ മുത്ത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിലെ അതിവിശിഷ്ടനായ വ്യക്തി.!

അന്‍പത്തിയെട്ടു വയസ്സുള്ള, സ്‌ക്രീനില്‍ മഹാനടനായിട്ടുള്ള ഒരു കലാകാരനായ താങ്കള്‍ ജീവിതത്തിലെ കന്നിവോട്ട് ഇന്ന് ചെയ്തുവത്രേ.അത് ഉളുപ്പില്ലാതെ മാധ്യമക്യാമറകളെ നോക്കി പറയുകയും ചെയ്തിരിക്കുന്നു. അതാവട്ടെ, അതിരാവിലെപോയി ഒരു സിവില്‍ സമൂഹത്തില്‍ പാലിക്കേണ്ട ജനാധിപത്യമര്യാദകളെല്ലാം പൊലീസിന്റെ സഹായത്തോടെ നിഷേധിക്കാന്‍ ശ്രമിച്ചുകൊണ്ട്. അവകാശബോധമുള്ള മനുഷ്യര്‍ ആ ക്യൂവില്‍ ഉള്ളതിനാല്‍ പിറകില്‍പ്പോയി നില്‍ക്കുവാന്‍ പറയുകയും താങ്കള്‍ തിരികെ വരിയില്‍പോയിനിന്ന് വോട്ട് ചെയ്തു. രണ്ടുമണിക്കൂറോളം കാത്തുനിന്ന് വോട്ട് ചെയ്തുവെന്ന് വരുത്തേണ്ട ഗതികേടിന്റെ അസ്വസ്ഥതയും താങ്കളുടെ മുഖത്തുകണ്ടു. താങ്കള്‍ക്ക് വഴിയുണ്ടാക്കാന്‍ പൊതുജനങ്ങളുടെമേല്‍ മെക്കിട്ടുകേറുന്ന പോലീസുകാരന്റെ ധാര്‍ഷ്ട്യവും കൗതുകമുണ്ടാക്കി.

ഇതേ താങ്കളാണ് ഒരു മഹാവിഡ്ഢി ഭരണാധികാരി നോട്ട് നിരോധിച്ചപ്പോള്‍ ബിവറേജില്‍ ക്യൂ നില്‍ക്കുന്നുണ്ടല്ലോ, ATM ലും ബാങ്കിലും ക്യൂനിന്നാലെന്തെന്ന് രാജ്യത്തോട് ചോദിച്ചത്. പ്രത്യേക പ്രിവിലേജുകളാല്‍ അനാവശ്യ കിരീടംചാര്‍ത്തിക്കിട്ടുന്ന താങ്കളെപ്പോലെയുള്ളവര്‍ ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തില്‍ മരപ്പാഴുകള്‍ (Floccinaucinihilipilification) ആകുന്നത് ഇങ്ങിനെയാണ്. അത് ഞങ്ങളെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് ബോധ്യപ്പെടുന്നത്, വിമാനം പിടിച്ചെത്തി വോട്ട് ചെയ്യുന്ന ഞങ്ങളില്‍ ചിലരുടെ രാഷ്ട്രീയ ജാഗ്രത കാണുമ്പോഴും, വോട്ടിങ് മെഷീനിലെ കൃതിമത്വവാര്‍ത്ത കേള്‍ക്കുമ്പോള്‍ നെഞ്ചുപിടച്ച് ആഹാരം കഴിക്കാന്‍പോലും മനസ്സില്ലാതെയാകുമ്പോഴുമാണ്.!

ഈ യാഥാര്‍ഥ്യത്തിന്റെ മറുവശമെന്തെന്നാല്‍ താങ്കളെപ്പോലെയുള്ള ആളുകള്‍ രാഷ്ട്രത്തിന്റെ സിവിലിയന്‍ ബഹുമതികളാല്‍ ‘ആദരിക്കപ്പെടുന്നു’ എന്നുള്ളതാണ്. മറ്റൊരുഭാഷയില്‍ പറഞ്ഞാല്‍ പത്മശ്രീയും പത്മവിഭൂഷണും ഭരതും ലെഫ്റ്റനെന്റ് കേണല്‍ പദവിയുമെല്ലാം താങ്കള്‍ക്ക് നല്‍കപ്പെട്ടുകൊണ്ട് ആ ബഹുമതികള്‍ അനാദരിക്കപ്പെടുന്നു എന്നുമാണര്‍ത്ഥം. എന്തിനേറെ ആറു പതിറ്റാണ്ട് കാലത്തോളം ഭൂമിയില്‍ ജീവിച്ചിരുന്നിട്ട് വോട്ട് ചെയ്യുക എന്ന മിനിമം രാഷ്ട്രീയ അഭ്യാസംപോലും ചെയ്തിട്ടില്ലാത്ത താങ്കളെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ പാര്‍ലമെന്റിലേക്കയക്കാന്‍ വ്യഗ്രതപ്പെടുന്നു എന്നതും മേല്‍പ്പറഞ്ഞ പ്രിവിലേജിന്റെ ഭാഗമായ രാഷ്ട്രീയ അശ്ലീലമാണ്.

പൂജാമുറിയില്‍ ഫോട്ടോവച്ചു ആരാധിക്കുകയും, താരത്തിനായി ക്ഷേത്രം പണിയുകയും, പാലഭിഷേകം നടത്തുകയും വേണ്ടിവന്നാല്‍ തീകൊളുത്തി മരിക്കുകയും ചെയ്യുന്ന തമിഴ്‌നാട്ടില്‍പ്പോലും അവരുടെ താരദൈവങ്ങളായ രജനീകാന്തും, ജോസഫ് വിജയും, വിജയ് സേതുപതിയും, തല അജിത്തുമെല്ലാം പൊരിവെയിലില്‍ ക്യൂ നിന്നുകൊണ്ട് വര്ഷങ്ങളായി വോട്ടുകള്‍ ചെയ്യുന്നു.

എന്തായാലും അഞ്ചുവര്‍ഷം കൂടുമ്പോള്‍ തിരഞ്ഞെടുപ്പ് പോളിംഗ് ബൂത്തില്‍ എത്തുന്നില്ലെങ്കിലും, എല്ലാ വര്‍ഷവും ഏഷ്യാനെറ്റിന്റേയും സൂര്യയുടെയും മറ്റും അവാര്‍ഡ് നിശയില്‍ ദിവസങ്ങള്‍നീണ്ട പരിശീലനത്തിനടക്കം മുറ തെറ്റാതെ എത്തുന്ന ആ ശുഷ്‌കാന്തിക്ക് ശുഭാശംസകള്‍. നല്ല ഭംഗിയുള്ള താടിയും മീശയുമുള്ള, ലോകത്തിലെതന്നെ മികച്ച അഭിനയ പാടവമുള്ള യാതൊരു നിലപാടും ജനാധിപത്യബോധവുമില്ലാത്ത ഒരു കലാകാരന്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലെ ജനാധിപത്യ രാജ്യത്തിലെ പ്രജകളായിരുന്നു ഞങ്ങളെന്നു കാലം അടയാളപ്പെടുത്താതിരിക്കില്ല.

ഞങ്ങളെപ്പോലെ ക്യൂ നില്‍ക്കാനും വെയിലുകൊള്ളാനുമൊക്കെ സൗകര്യമുണ്ടെങ്കില്‍ വീണ്ടും ജനാധിപത്യ ഉത്സവങ്ങളിലേക്ക് സ്വാഗതം. കാരണം അറുപത് വര്ഷം താങ്കള്‍ പോളിംഗ് ബൂത്തില്‍ വരാതിരുന്നിട്ടും ഇന്ത്യന്‍ ജനാധിപത്യം മനോഹരമായി തുടരുന്നുണ്ട്. മാത്രമല്ല ഒരു സിവില്‍ സമൂഹത്തില്‍, വോട്ടെടുപ്പ് ദിവസങ്ങളിലോക്കെ എങ്ങിനെ പെരുമാറണമെന്ന് ഫഹദ് ഫാസിലും മമ്മൂട്ടിയും ടോവിനോയുമൊക്കെ
പറഞ്ഞുതരും.

സബറോം കി സിന്ദഗി ജോ കഭി നഹി ഖതം ഹോ ജാതീ ഹേ…! താങ്കള്‍ക്കു മുകളിലെ ആകാശം നിറയെ സ്‌നേഹാശംസകളോടെ…വോട്ട് ചെയ്യുന്ന, നികുതി നല്‍കുന്ന, ഒരു പൗരന്‍…
-അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി-

Exit mobile version