കൊച്ചി: യാത്രയ്ക്കിടെ പൊതുജനങ്ങള്‍ക്ക് അനുഭവപ്പെടുന്ന ദുരിതങ്ങള്‍ക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് കൊച്ചി സിറ്റി പോലീസ്. യാത്രക്കിടെ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ അടിയന്തിരമായി പോലീസിനെ അറിയിക്കാന്‍ സഹായിക്കുന്ന മൊബൈല്‍ ആപ്പുമായാണ് കൊച്ചി പോലീസ് രംഗത്ത് എത്തിയിരിക്കുന്നത്.
‘ക്യുകോപ്പി'(Qkopy) എന്നാണ് ഈ ആപ്ലിക്കേഷന്റെ പേര്. പോലീസില്‍ അറിയിക്കണം എന്ന് തോന്നുന്ന രഹസ്യ സ്വഭാവമുള്ളതും അല്ലാത്തതുമായ വിവരങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് ഈ ആപ്പ് നിങ്ങളെ സഹായിക്കും. യാത്രാവേളകളില്‍ ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനും പോലീസിന്റെ അടിയന്തര സഹായത്തിനും പോലീസിന് ജനങ്ങളിലേക്ക് എത്തിക്കേണ്ട നിര്‍ദേശങ്ങള്‍ വേഗത്തില്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനും ആപ്പ് ഉപയോഗിക്കാം.
ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും ഏറെ ഉപകാരപ്രദമാണ് ഈ ആപ്ലിക്കേഷന്‍. യാത്രയ്ക്കിടെ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ പോലീസില്‍ അറിയിക്കാന്‍ ആപ്പ് പ്രയോജനകരമായിരിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എസ് സുരേന്ദ്രന്‍ പറഞ്ഞു.
യാത്ര ചെയ്യുന്ന വാഹനത്തിന്റെ നമ്പറും ലൊക്കേഷന്‍ അടക്കമുള്ള വിവരങ്ങളും ഉടനടി ആപ്പ് വഴി പോലീസില്‍ എത്തിക്കാന്‍ സാധിക്കും. അതേസമയം, കൊച്ചിയിലെ ഗതാഗതക്കുരുക്ക് തത്സമയം അറിയാനുള്ള സംവിധാനവും ഈ ആപ്പിലുണ്ട്. എവിടെയൊക്കെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി വഴി തിരിച്ചുവിട്ടിട്ടുള്ളത്, അപകടങ്ങളോ മറ്റെന്തെങ്കിലും മൂലം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും ആപ്പ് അറിയിക്കും.
കൊച്ചി സിറ്റിപോലീസിന്റെ അലര്‍ട്ട് നമ്പറായ 94979155555 സേവ് ചെയ്ത ശേഷം പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാം. ക്യൂആര്‍ കോഡ് ഉപയോഗിച്ചും ആപ്പില്‍ പ്രവേശിക്കാം. കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ സ്റ്റാര്‍ട്ടപ്പ് ആയ ക്യുകോപ്പി ഓണ്‍ലൈന്‍ സര്‍വീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
Discussion about this post