തിരുവനന്തപുരം: ഇന്ത്യയ്ക്കായി സ്വര്‍ണ്ണമെഡല്‍ നേടിയ മലയാളി അത്ലറ്റ് പിയു ചിത്രയ്ക്ക് അഭിനന്ദനവുമായി ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനും മലമ്പുഴ മണ്ഡലത്തിലെ നിയമസഭാംഗവുമായ വിഎസ് അച്യുതാനന്ദന്. ഖത്തറില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 1500 മീറ്റര്‍ ഓട്ടത്തിലാണ് പിയു ചിത്ര രാജ്യത്തിനായി സ്വര്‍ണ്ണമെഡല്‍ സ്വന്തമാക്കിയത്. 4 മിനിറ്റ് 14.56 സെക്കന്റ് കൊണ്ടാണ് ചിത്ര സ്വര്‍ണ്ണത്തിലേക്ക് ഓടിയെത്തിയത്.
എന്നും ചിത്ര ആഗ്രഹിച്ചിരുന്നത് കേരളത്തിന്റെ അംഗീകാരമായിരുന്നെന്നും കേരളത്തിന്റെയും ഇന്ത്യയുടെയും അഭിമാനമായി മാറിയ ചിത്രയുടെ പുതിയ നേട്ടത്തില്‍ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നെന്നും വിഎസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പ്രതികൂല സാഹചര്യങ്ങളില്‍നിന്ന് ഉയര്‍ന്നുവന്ന പിയു ചിത്രയുടെ നേട്ടം ഉജ്വലമാണെന്നല്ല, ഹൃദയഹാരിയാണെന്ന് വേണം വിശേഷിപ്പിക്കാനെന്നും വിഎസ് പറയുന്നു.
വിഎസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഏഷ്യന്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ പിയു ചിത്രയുടെ നേട്ടം ഉജ്വലമാണെന്നല്ല, ഹൃദയഹാരിയാണെന്ന് വേണം വിശേഷിപ്പിക്കാന്‍. പ്രതികൂല സാഹചര്യങ്ങളില്‍നിന്ന് ഉയര്‍ന്നുവന്ന്, മുണ്ടൂരിന്റേയും കേരളത്തിന്റെയും ഇന്ത്യയുടെയും അഭിമാനമായി മാറിയ ചിത്രയുടെ പുതിയ നേട്ടത്തില്‍ ആ പെണ്‍കുട്ടിയെ ഞാന്‍ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. ഒഫീഷ്യല്‍ കോച്ചല്ലാത്തതിനാല് ഗ്യാലറിയിലിരിക്കേണ്ടിവന്ന ചിത്രയുടെ കോച്ച് സിജിനും അഭിനന്ദനമര്‍ഹിക്കുന്നു. റെയില്‍വേയില്‍ ജോലി കിട്ടിയപ്പോഴും, ആ കുട്ടി ആശിച്ചത് കേരളത്തിന്റെ അംഗീകാരമായിരുന്നു. അഭിനന്ദനങ്ങള്‍ക്കപ്പുറം, കേരളത്തിന്റെ പിന്തുണയാണ് ചിത്ര ആഗ്രഹിക്കുന്നതും, അര്‍ഹിക്കുന്നതും.
Discussion about this post