തിരുവനന്തപുരം:അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകളുടെ ചട്ട ലംഘനങ്ങളില്‍ നടപടി. നിയമലംഘനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്. ഇത്തരം ബസുകളുടെ ലൈസന്‍സ് വ്യവസ്ഥകള്‍ കര്‍ശനമാക്കുമെന്ന് ഗതാഗതമന്ത്രി അറിയിച്ചു. കല്ലട ബസ് വിഷയത്തിലേതടക്കം തുടര്‍ നടപടികള്‍ ആലോചിക്കാന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
അതേസമയം, അന്തര്‍സംസ്ഥാന ബസുകളില്‍ ജൂണ്‍ ഒന്നു മുതല്‍ ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കുമെന്നും, സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കാത്ത ബസുകള്‍ക്കെതിരേ നടപടിയെടുക്കുമെന്നും ശശീന്ദ്രന് വ്യക്തമാക്കി. അന്തര്‍സംസ്ഥാന ബസുകളില്‍ ന്യായമായ ടിക്കറ്റ് നിരക്ക് വരുത്തണമെന്ന ആവശ്യവും യോഗത്തില്‍ ഉന്നയിച്ചു. ഇതുമായി ബന്ധപ്പെട്ട് ജസ്റ്റീസ് രാമചന്ദ്രന് കമ്മീഷന്റെ നിര്‍ദേശം തേടിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്ന അനിഷ്ട സംഭവങ്ങള്‍ ഇനി ഉണ്ടാകാന്‍ പാടില്ലെന്നും, യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പുവരുത്താത്ത സ്ഥാപനങ്ങള്‍ക്കെതിരേ ശക്തമായ നടപടി എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post