തൃശ്ശൂര്‍: തൃശ്ശൂര്‍ മുണ്ടൂരില്‍ രണ്ട് യുവാക്കളെ വാന്‍ ഇടിച്ചു വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയതിനു പിന്നില്‍ കഞ്ചാവ് വില്‍പ്പന ഒറ്റിക്കൊടുത്തതിന്റെ പകയിലെന്ന് പോലീസ്. ആറംഗ ഗുണ്ടാസംഘമാണ് എതിരാളികളായ ഗുണ്ടാസംഘത്തിലെ 2 യുവാക്കളെ വെട്ടിക്കൊന്നത്. മുണ്ടൂര്‍ വരടിയം കൂരിയാല്‍പാലം പറവട്ടാനി ശ്യാം (24), മുണ്ടത്തിക്കോട് ചൊവ്വല്ലൂര്‍ ക്രിസ്റ്റോ (25) എന്നിവരാണു കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പം മറ്റൊരു ബൈക്കില്‍ സഞ്ചരിച്ചിരുന്ന വരടിയം തടത്തില്‍ പ്രസാദ് (ശംഭു – 24), വേലൂര്‍ സ്വദേശി രാജേഷ് (24) എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നാലംഗ സംഘത്തെ പിന്തുടര്‍ന്നെത്തി വാന്‍ ഇടിപ്പിച്ചു വീഴ്ത്തുകയായിരുന്നു. പ്രതികളിലൊരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച അര്‍ധരാത്രി 12.45ന് മുണ്ടൂര്‍ പാറപ്പുറത്താണു സംഭവം നടന്നത്. അവണാവ് റോഡിലൂടെ പേരാമംഗലം ഭാഗത്തേക്കു 2 ബൈക്കുകളിലായി സഞ്ചരിച്ച സംഘത്തിനു നേരെയാണ് പിക്കപ്പ് വാനിലെത്തിയ സംഘത്തിന്റെ ആക്രമണം. ശ്യാമും ക്രിസ്റ്റോയും സഞ്ചരിച്ച ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം 20 മീറ്ററോളം ദൂരം വാനിന്റെ മുന്നില്‍ കുരുക്കി റോഡിലൂടെ വലിച്ചിഴച്ചു. സംഭവം കണ്ടു രക്ഷപ്പെടാന്‍ ശ്രമിച്ച പ്രസാദിനെയും രാജേഷിനെയും പിന്തുടര്‍ന്നെത്തി വാന്‍ ഇടിപ്പിച്ചു വീഴ്ത്തുകയായിരുന്നു.
പ്രസാദിന്റെ അമ്മ മൈലാക്കുളം തടത്തില്‍ പ്രസീതയെ മൂന്നാഴ്ച മുന്‍പ് എക്‌സൈസ് സംഘം 2 കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. എതിര്‍സംഘത്തില്‍പ്പെട്ട വരടിയം സ്വദേശികളായ 2 പേര്‍ ഒറ്റിക്കൊടുത്തതാണ് അറസ്റ്റിനു കാരണമായത്. ഇതിനു പ്രതികാരമായി ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എതിര്‍ സംഘത്തില്‍പ്പെട്ട 2 പേരും 3 കിലോ കഞ്ചാവുമായി അതേദിവസം തന്നെ പിടിയിലായി. ഇതേച്ചൊല്ലി ആരംഭിച്ച സംഘര്‍ഷമാണു കൊലപാതകത്തിലേക്കു നയിച്ചത്.
Discussion about this post