കൊല്ലം: കടല്‍ സുരക്ഷയും അപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനവും ശക്തിപ്പെടുത്താന്‍ സംസ്ഥാനത്തെ 60 മത്സ്യഗ്രാമങ്ങളില്‍ നിന്ന് കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് 900 മത്സ്യത്തൊഴിലാളികളെ നിയോഗിക്കും. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒരു ഗ്രാമത്തില്‍ നിന്ന് 15 തൊഴിലാളികളെയും അഞ്ച് യാനങ്ങളെയും ഉള്‍പ്പെടുത്തി സ്‌ക്വാഡ് രൂപീകരിക്കും.
ഓഖി, പ്രളയം എന്നീ ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ തൊഴിലാളികള്‍ക്കും യാനങ്ങള്‍ക്കും മുന്‍ഗണന നല്‍കിയാകും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ 20 ദിവസത്തെ പരിശീലനവും നല്‍കും.
പരിശീലന കാലയളവില്‍ തൊഴിലാളികള്‍ക്ക് 700രൂപ സ്‌റ്റൈപ്പന്റും നല്‍കും. പരിശീലനം സിദ്ധിച്ച തൊഴിലാളികള്‍ക്ക് ലഭ്യമാകുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മറ്റ് തൊഴിലിടങ്ങളില്‍ ജോലിക്കായി ഉപയോഗിക്കാനും കഴിയും.
300 മത്സ്യബന്ധന യാനങ്ങളാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനത്തിന് തെരഞ്ഞെടുക്കുക. ഇതില്‍ 200എണ്ണം പരമ്പരാഗത യാനങ്ങളും 100എണ്ണം യന്ത്രവല്‍കൃത യാനങ്ങളും ആയിരിക്കും. തുറമുഖങ്ങള്‍ സ്ഥിതിചെയ്യുന്നിടത്ത് യന്ത്രവല്‍കൃത ബോട്ടുകളാവും രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമാക്കുക. ലാന്‍ഡിങ് സെന്ററുകളുള്ള കേന്ദ്രങ്ങളില്‍ പരമ്പരാഗത യാനങ്ങളാവും.
കടല്‍ സുരക്ഷയ്ക്ക് ഇറങ്ങുന്ന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നിശ്ചിത വേതനവും ലഭ്യമാക്കും. ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ള യാനങ്ങള്‍, സ്രാങ്ക്, എന്‍ജിന്‍ ഡ്രൈവര്‍ എന്നിവയില്‍ ലൈസന്‍സ് ലഭിച്ച ജീവനക്കാരുള്ള യാനങ്ങള്‍ , ആധുനിക വാര്‍ത്താ വിനിമയം , നാവിഗേഷന്‍ എന്നി ഉപകരണങ്ങള്‍ ഘടിപ്പിച്ച യാനങ്ങള്‍ക്കാകും മുന്‍ഗണന.