കൊച്ചി: ബംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് സര്‍വ്വീസായ കല്ലടയിലെ ജീവനക്കാര്‍ യാത്രക്കാരനായ സച്ചിനെ മര്‍ദ്ദിച്ചതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്ത് വരുന്നു. ബസില്‍ വെച്ച് ഉണ്ടായ വാക്കുതര്‍ക്കവും മര്‍ദ്ദനവും മാത്രമാണ് സംഭവത്തിന് ശേഷം പുറം ലോകം അറിഞ്ഞിരുന്നത്. എന്നാല്‍ ബസ് ജീവനക്കാര്‍ സച്ചിനെ വൈറ്റില ജംഗ്ഷന് സമീപം നടുറോഡില്‍ മൃഗീയമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ആണ് പുറത്തുവന്നത്. സച്ചിനെ യാത്ര ചെയ്യാന്‍ അനുവദിക്കാതെ വഴിയില്‍ ഇറക്കി വിട്ട് മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ ജീവനക്കാരുടെ കാല് പിടിച്ച് സച്ചിന് അപേക്ഷിച്ചെങ്കിലും അക്രമം തുടരുകയായിരുന്നു.
ബസില്‍ നിന്ന് വലിച്ചിഴച്ച് പുറത്തിറക്കുന്നത് പുലര്‍ച്ചെ നാലേകാലോടെ. പിന്നെ മുക്കാല്‍ മണിക്കൂറോളം ബസ് ജീവനക്കാരും ഗുണ്ടകളും ചേര്‍ന്നുള്ള തേര്‍വാഴ്ച. സുരേഷ് കല്ലട ഓഫീസ് മുതല്‍ വൈറ്റില ജംഗ്ഷന് വരെയുള്ള ഏതാണ്ട് 500 മീറ്ററോളം യുവാക്കളെ ഓടിച്ചിട്ടടിച്ചു. രക്ഷപെടാന്‍ രണ്ടുപേരും വഴിപിരിഞ്ഞോടി. പക്ഷെ വഴിയില്‍ കുഴഞ്ഞുവീണ സച്ചിനെ വീണ്ടും അക്രമിസംഘം തേടിപ്പിടിച്ചു. അതാണ് ഇപ്പോള്‍ പുറത്ത് വരുന്ന ദൃശ്യങ്ങള്‍. അക്രമിസംഘം നിലത്തിട്ട് ചവിട്ടുമ്പോള്‍ തലയിടിച്ച് സച്ചിന് പിന്നിലേക്ക് മറിയുന്നതും കാണാം.
Discussion about this post