കോട്ടയം: ദൃക്സാക്ഷികള്‍ തിരിച്ചറിയാതിരിക്കാന്‍ ഉപയോഗിക്കുന്ന തന്ത്രങ്ങള്‍ പ്രയോഗിച്ച് കേസില്‍ നിന്നും രക്ഷപ്പെടാനുള്ള പഴുതുകള്‍ തേടി കെവിന് വധക്കേസിലെ പ്രതികള്‍. കേസിലെ 14 പ്രതികളും കോടതിയിലെത്തിയത് ഒരേ കമ്പനിയുടെ വെള്ള ഷര്‍ട്ട് ധരിച്ചും ഒരേ രീതിയില്‍ വസ്ത്രധാരണം ചെയ്തും. പ്രതികള്‍ സമാന രീതിയില്‍ തലമുടി വെട്ടി ഷേവും ചെയ്തിരുന്നു. ഇതുകൂടാതെ പ്രതികള്‍ക്കൊപ്പം എത്തിയ ചില യുവാക്കളും വെള്ള ഷര്‍ട്ട് ധരിച്ചത് ആശയക്കുഴപ്പമുണ്ടാക്കി. സാക്ഷി വിസ്താരത്തിനിടയില്‍ പ്രതികളെ തിരിച്ചറിയാതിരിക്കാനാണ് ഇത്തരത്തില്‍ വേഷം ധരിച്ചതെന്ന് പ്രോസിക്യൂഷന് ആരോപിച്ചു. പ്രതികളുടെ ബന്ധുക്കളാണു വസ്ത്രം എത്തിച്ചു കൊടുത്തതെന്നും ആരോപണമുണ്ട്. കേസിലെ മുഖ്യസാക്ഷിയായ അനീഷിനെ കുഴക്കാനും പ്രതികള്‍ക്കായി. ഇതോടെ, ഒരേ തരത്തില്‍ വസ്ത്രം ധരിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതു മൂലമാണ് 3 പ്രതികളെ തിരിച്ചറിയാന്‍ കഴിയാതിരുന്നതെന്നു പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചു.
ആദ്യദിനം ഒന്നാം സാക്ഷി അനീഷ് സെബാസ്റ്റ്യന്റെ വിസ്താരമാണു നടന്നത്. 7 പ്രതികളെ അനീഷ് കോടതിയില്‍ തിരിച്ചറിഞ്ഞു. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവും കേസിലെ അഞ്ചാം പ്രതിയുമായ ചാക്കോ ജോണ്‍ ഉള്‍പ്പെടെ മൂന്നു പ്രതികളെ തിരിച്ചറിയാനായില്ല. സംഭവത്തിന്റെ തലേന്ന് പോലീസ് സ്റ്റേഷനില്‍ വച്ച് ചാക്കോയെ കണ്ടുവെന്നായിരുന്നു അനീഷ് പോലീസിന് മൊഴി നല്‍കിയിരുന്നത്. 1-ാം പ്രതി സാനു ചാക്കോ, 2-ാം പ്രതി നിയാസ് മോന്, 6-ാം പ്രതി മനു മുരളീധരന്, 7-ാം പ്രതി ഷെഫിന്, 8-ാം പ്രതി നിഷാദ്, 11-ാം പ്രതി ഫസില്‍ ഷെരീഫ്, 12-ാം പ്രതി ഷാനു ഷാജഹാന് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. 10-ാം പ്രതി വിഷ്ണുവിനെ തിരിച്ചറിഞ്ഞില്ല. 13-ാം പ്രതി ഷിനു നാസറിന് പകരം 9-ാം പ്രതി ടിന്റു ജെറോമിനെയാണ് സാക്ഷി തെറ്റായി ചൂണ്ടിക്കാണിച്ചത്.
നിരവധി നാടകീയ രംഗങ്ങള്‍ക്കും വിസ്താരത്തിനിടെ കോടതി സാക്ഷ്യം വഹിച്ചു. സാക്ഷിക്കൂട്ടില്‍ നിന്ന് പ്രതികളെ തിരിച്ചറിയാന്‍ കഴിയാതിരുന്നതോടെ കോടതിയുടെ നിര്‍ദേശ പ്രകാരം അനീഷ് പ്രതിക്കൂടിനു മുന്നില്‍ എത്തി ഒരോരുത്തരെയും തിരിച്ചറിയാന്‍ ശ്രമിച്ചു. ആദ്യം ചാക്കോ ജോണാണ് മുന്നിലെത്തിയത്. എന്നാല്‍ മൂന്ന് അവസരം നല്‍കിയിട്ടും ചാക്കോയെ കൃത്യമായി തിരിച്ചറിയാന്‍ അനീഷിനായില്ല. സാക്ഷിക്കൊപ്പം പ്രതികളുടെ അടുത്തേക്ക് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എത്തിയപ്പോള്‍ പ്രതിഭാഗം അഭിഭാഷകര്‍ പ്രതിഷേധിക്കുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളെ ചൂണ്ടിക്കാട്ടിയതായും പ്രതിഭാഗം ആരോപിച്ചു. തുടര്‍ന്ന് ജീവനക്കാരുടെ സാന്നിധ്യം മാത്രമാണ് കോടതി അനുവദിച്ചത്.
Discussion about this post