യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; ബസുടമ സുരേഷ് കല്ലട ഇന്ന് ഹാജരാവും

മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തില്‍ സുരേഷ് കല്ലടക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് നീക്കം.

തിരുവനന്തപുരം: കല്ലട ബസില്‍ യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ചോദ്യം ചെയ്യലിനായി ബസ് ഉടമ സുരേഷ് കല്ലട ഇന്ന് ഹാജരായേക്കും. അന്വേഷണ ഉദ്യോഗസ്ഥനായ മരട് സിഐയുടെ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍, അന്വേഷണം തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ഏറ്റെടുത്തതിനാല്‍ അദ്ദേഹത്തിന് മുന്നില്‍ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്നലെ സുരേഷ് കല്ലട ഹാജരാകും എന്നാണ് കരുതിയിരുന്നത്. എന്നാല്‍ എത്തിയില്ല. ഈ സാഹചര്യത്തില്‍ സുരേഷ് കല്ലടയ്ക്ക് പോലീസ് അന്ത്യശാസനം നല്‍കിയിരുന്നു. എത്രയും വേഗം ഹാജരായില്ലെങ്കില്‍ കൂടുതല്‍ നിയമ നടപടകളിലേക്ക് നീങ്ങുമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സുരേഷ് കല്ലട ഹാജരാകുമെന്ന് റിപ്പോര്‍ട്ട് വരുന്നത്.

മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തില്‍ സുരേഷ് കല്ലടക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് നീക്കം. ഇതിന് സഹകരിക്കാത്ത പക്ഷം ഇയാള്‍ക്കെതിരെ കോടതിയെ സമീപിക്കാനും തീരുമാനമുണ്ട്. റിമാന്‍ഡിലായ ഏഴ് പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനുള്ള നടപടികളും പോലീസ് ആരംഭിച്ചു കഴിഞ്ഞു.

Exit mobile version