തിരുവനന്തപുരം: ഇടതുപക്ഷത്തിന് ഈ കാലത്ത് പ്രസക്തിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി പ്രവര്‍ത്തക സമിതി അംഗവുമായ എകെ ആന്റണി. കേന്ദ്രത്തില്‍ മതേതര സര്‍ക്കാരുണ്ടാക്കാന്‍ ഇടതുപക്ഷവുമായി സഖ്യത്തിന് കോണ്‍ഗ്രസ് മുന്‍കൈ എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന് പ്രസക്തിയുണ്ട്. ഇടതുപക്ഷം നശിച്ചു കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ എകെ ആന്റണി വ്യക്തമാക്കി.
ബിജെപി അധികാരത്തില്‍ വന്നാല്‍ മതേതരത്വം നഷ്ടമാകുമെന്നാണ് എണ്‍പതു ശതമാനം വോട്ടര്‍മാരും വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തവണ വോട്ടര്‍മാരില്‍ ഒരു പ്രത്യേകതരം വാശി വ്യക്തമായിരുന്നു എന്നും എകെ ആന്റണി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ ബിജെപിയെക്കാള്‍ മുന്‍തൂക്കം കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കുമായിരിക്കും. എന്നാല്‍ മതേതര കക്ഷികള്‍ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ ഉറപ്പു പറയാന്‍ കഴിയില്ല. അത്തരമൊരു സാഹചര്യമുണ്ടായാല്‍ മതേതര, ജനാധിപത്യ കക്ഷികളുടെ സഹായത്തോടെ കേന്ദ്രത്തില്‍ എന്തു വില കൊടുത്തും ഒരു മതേതര സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ആന്റണി വ്യക്തമാക്കി.
ബഹുസ്വരതയും വൈവിധ്യവുമാണ് നമ്മുടെ രാജ്യത്തിന്റെ പ്രത്യേകത. എല്ലാ രാഷ്ട്രീയ ധാരകള്‍ക്കും ആശയങ്ങള്‍ പ്രചരിപ്പിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും അവസരമുണ്ട്. അതു കൊണ്ട് തന്നെ ഇടതുപക്ഷത്തെ തുടച്ചു മാറ്റുന്ന നിലപാടിനോട് തനിക്കോ കോണ്‍ഗ്രസിനോ താല്‍പര്യമില്ലെന്നും ആന്റണി, കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരില്‍ ഇടതുപക്ഷമുണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിച്ചു. ഇടതുപക്ഷം ഉള്‍പ്പെടെയുള്ള മറ്റു കക്ഷികളെ സഹകരിപ്പിക്കാന്‍ കോണ്‍ഗ്രസ് തന്നെ മുന്‍കൈ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യം നേരിടുന്ന രൂക്ഷമായ തൊഴിലില്ലായ്മയ്ക്കും കാര്‍ഷികമേഖല ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഗ്രാമീണ സമ്പദ്ഘടനയുടെ തകര്‍ച്ചയ്ക്കും അടിയന്തരപ്രാധാന്യം നല്‍കി പരിഹാരം കാണുന്ന ഒരു ഗവണ്‍മെന്റാണ് വേണ്ടത്. എന്തു വില കൊടുത്തായാലും ആര്‍എസ്എസ് നിയന്ത്രിക്കുന്ന ഒരു ഗവണ്‍മെന്റ് ഒരിക്കല്‍ കൂടി ഉണ്ടാവാതിരിക്കാന്‍ ശ്രമിക്കും. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ മറ്റു കക്ഷികളെ കൂടി സഹകരിപ്പിക്കാന്‍ കോണ്‍ഗ്രസ് തന്നെ മുന്‍കൈയെടുക്കുമെന്നും കേരളത്തിലെ ഉയര്‍ന്ന പോളിങ് ശതമാനം യുഡിഎഫിന് അനുകൂലമാകുമെന്നും ആന്റണി പറഞ്ഞു.