തിരുവനന്തപുരം: ബംഗളൂരുവിലേക്ക് പോകുകയായിരുന്ന കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കാനൊരുങ്ങി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മോട്ടോര്‍വാഹന പകുപ്പിന് കര്‍ശന നിര്‍ദേശം ഗതാഗത മന്ത്രി എകെ ശശീന്ദ്രന് നല്‍കിയിട്ടുണ്ട്.
മാത്രമല്ല സുരേഷ് കല്ലടയുടെ ബസുകള്‍ പരിശോധിക്കാന്‍ പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിക്കാനും അന്തര്‍ സംസ്ഥാന റൂട്ടുകളില്‍ കൂടുതല്‍ കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങാനും തീരുമാനമെടുത്തു. ഇതിന് പുറമെ കല്ലട ട്രാവല്‍സിന്റെ എല്ലാ ബസുകളുടേയും രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്കി. പെര്‍മിറ്റില്ലാതെ ബസുകള്‍ സര്‍വീസ് നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പരിശോധനയുടെ ഭാഗമായി ‘ഓപ്പറേഷന് നൈറ്റ് റൈഡേഴ്സ്’ എന്ന പേരില്‍ സ്ക്വാഡിന്റെ പ്രവര്‍ത്തനം തുടങ്ങി. യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഹെല്‍പ്പ് ലൈന്‍ സ്ഥാപിച്ചു. 8281786096 എന്നാണ് നമ്പര്‍. അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളില്‍ യാത്രക്കാരുടെ ലഗേജുകള്‍ അല്ലാതെ മറ്റ് ചരക്കുകള്‍ കടത്തുന്നുണ്ടോയെന്നും സംശയമുണ്ട്. നിയമ ലംഘനം കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും.
Discussion about this post