കല്‍പ്പറ്റ: വയനാട്ടില്‍ കഴിഞ്ഞ കുറച്ച് നാളുകളായി നാട്ടിലിറങ്ങിയ കടുവയെ വനംവകുപ്പ് കെണിവെച്ച് പിടികൂടി. നാല് വയസുള്ള പെണ്‍കടുവയാണ് വനപാലകരുടെ കെണിയില്‍ അകപ്പെട്ടത്. കടുവയുടെ കഴുത്തിനും നെഞ്ചിനും പരിക്കുള്ളതായി പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
ഇന്നലെ രാത്രി ഒമ്പതരയോടെ കെണിയില്‍പെട്ട കടുവയെ പ്രത്യേക വാഹനത്തില്‍ തിരുവനന്തപുരം മൃഗശാലയിലേക്ക് കൊണ്ടുപോയി. വയനാട് വള്ളുവാടിയില്‍ വനംവാച്ചറെ ആക്രമിച്ച കടുവയെയാണ് വനംവകുപ്പ് കെണിവെച്ച് പിടികൂടിയത്.
പരിക്കുകള്‍ കാരണമാണ് കടുവ ജനവാസ പ്രദേശത്ത് എത്തിയതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. നാട്ടിലിറങ്ങിയ കടുവ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു. അതേസമയം കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തിനിരയായ വനം വാച്ചര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.