കൊച്ചി: കല്ലട ബസില്‍ യാത്രക്കാര്‍ക്ക് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തില്‍ സുരേഷ് കല്ലടക്ക് പോലീസിന്റെ അന്ത്യശാസനം. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ ഹാജരായില്ലെങ്കില്‍ നിയമനടപടിയിലേക്ക് നീങ്ങുമെന്ന് പോലീസ് മുന്നറിയിപ്പ് നല്കി.
ബസില്‍ വെച്ച് യാത്രക്കാര്‍ക്ക് നേരെയുണ്ടായ അക്രമണത്തില്‍ മരട് പോലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് പോലീസ് രേഖാമൂലം നല്‍കിയിരിക്കുന്ന നിര്‍ദേശം. സമയപരിധി ഇന്നലെ തീര്‍ന്നതോടെയാണ് പോലീസ് അന്ത്യശാസനം നല്‍കിയത്. മൊഴി രേഖപ്പെടുത്തിയ ശേഷം സംഭവത്തില്‍ സുരേഷ് കല്ലടക്കും പങ്കുണ്ടോ എന്ന് പരിശോധിക്കാനാണ് നീക്കം. ഇതിന് സഹകരിക്കാത്ത പക്ഷം ഇയാള്‍ക്കെതിരെ കോടതിയെ സമീപിക്കാനാണ് തീരുമാനം.
അതിനിടെ കല്ലട ബസിന്റെ സര്‍വ്വീസിനെതിരെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നു വരുന്നത്. കഴിഞ്ഞ ദിവസം കല്ലട ബസ് സര്‍വീസിനെതിരെ പരാതി പറഞ്ഞ അധ്യാപിക മായ മാധവന് ഫേസ്ബുക്കില്‍ ഭീഷണി സന്ദേശം ലഭിച്ചു. നിരഞ്ജന് രാജു കുരിയന്‍ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഭീഷണിയുണ്ടായത്. ഇതിനെതിരെ മായാ മാധവന് പോലീസില്‍ പരാതി നല്കി.
അതേസമയം, അക്രമണകേസിന്റെ ഗൗരവ സ്വഭാവം പരിഗണിച്ച് അന്വേഷണം തൃക്കാക്കര എസിപി ഏറ്റെടുത്തു. അസി.കമ്മീഷണറുടെ നേതൃത്വത്തില്‍ തമിഴ്നാട്ടിലെ മൊഴിയെടുപ്പ് തുടരുകയാണ്. പരിക്കേറ്റ രണ്ട് യാത്രക്കാര്‍ തമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കേസില്‍ ഏഴ് പ്രതികള്‍ പിടിയിലായിട്ടുണ്ടെങ്കിലും കൂടുതല്‍ പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. കേസിലെ ഏഴഅ പ്രതികളെയും ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു.
Discussion about this post