പാലക്കാട്: പാലക്കാട് ജില്ലയിലെ ഭിന്ന ശേഷിക്കാരുടെ യൂത്ത് ഐക്കണ്‍ എംബി പ്രണവ് കന്നിവോട്ട് രേഖപ്പെടുത്തി. ജന്മനാ ഇരു കൈകളുമില്ലാത്ത പ്രണവ് കാലുകൊണ്ടാണ് വോട്ട് രേഖപ്പെടുത്തിയത്. പ്രണവിന്റെ വലതുകാലിലെ രണ്ടാമത്തെ വിരലിലാണ് സമ്മതിദാന അവകാശം രേഖപ്പെടുത്തിയതിന്റെ അടയാളം പതിച്ചത്.
ആദ്യമായി വോട്ട് ചെയ്യുന്നതിന്റെ ആകാംക്ഷ അവന്റെ മുഖത്ത് കാണാമായിരുന്നു. ശാരീരികമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് വലിയ സന്ദേശമാണ് പ്രണവ് ഇതിലൂടെ നല്‍കിയിരിക്കുന്നത്. വോട്ട് പൗരന്റെ മൗലികാവകാശമാണ്, ഒരു കാരണവശാലും അത് പാഴാക്കരുതെന്നും പ്രണവ് പറയുന്നു.
ആലത്തൂര്‍ സ്വദേശിയായ പ്രണവ്, ചിറ്റൂര്‍ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയാണ്. പ്രളയ സമയത്ത് കാലുകൊണ്ട് ചിത്രം വരച്ച്, അത് വിറ്റ് കിട്ടിയ പൈസ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന ചെയ്തതിലൂടെയാണ് പ്രണവ് ജനശ്രദ്ധ ആകര്‍ഷിച്ചത്. പാട്ടുപാടിയും, സൈക്കിള്‍ ചവിട്ടിയും അവന് ജനങ്ങളുടെ പ്രിയങ്കരനായി.
പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുജനങ്ങള്‍ക്കായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവും വിവിപാറ്റും പരിചയപ്പെടുത്തുന്നതിനായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സംഘടിപ്പിച്ച സഹായ കേന്ദ്രത്തില്‍ വെച്ച് പ്രണവ് വോട്ട് ചെയ്യുന്നതിന് പരിശീലനം നേടിയിരുന്നു.
Discussion about this post