തൃശ്ശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ ഒരു ലോബി തന്നെ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചെന്ന് മകന് ഗോകുല്‍ സുരേഷ്. അച്ഛന് ചെയ്യുന്ന നന്മകളെ മനഃപൂര്‍വ്വം മറച്ച് വെച്ച് മറ്റു കാര്യങ്ങള്‍ ഉയര്‍ത്തി കാട്ടാന്‍ ശ്രമിക്കുന്ന ഒരു ലോബി തന്നെയുണ്ടായിരുന്നു എന്നാണ് ഗോകുലിന്റെ ആരോപണം.
സുരേഷ് ഗോപി വന്നാല്‍ വര്‍ഗീയത മാത്രമാണ് ഉണ്ടാകുകയെന്ന രീതിയില്‍ ഇവര്‍ പ്രചരണം നടത്തി, മറ്റു മതത്തിലുള്ളവര്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുമെന്നും പറഞ്ഞു പരത്തിയെന്നും ഗോകുല്‍ പറയുന്നു. അച്ഛനെ തോല്‍പ്പിക്കുന്നത് മെക്കയില്‍ പോകുന്നത് പോലെയുള്ള പുണ്യ പ്രവൃത്തിയാണെന്ന് വരെ പറഞ്ഞവരുണ്ടെന്നും ഗോകുല്‍ കൂട്ടിച്ചേര്‍ത്തു.
അച്ഛനു പോകാന്‍ സാധിക്കാത്ത ഇടത്ത് ഞാനും അമ്മയും കൂടി പോയി വോട്ട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അച്ഛനെ പിന്തുണച്ച് സംസാരിച്ചതിന്റെ പേരില്‍ ബിജു മേനോന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും അതില്‍ നിന്നൊക്കെ ഏറെ വേദിപ്പിക്കുന്ന കാര്യങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും ഗോകുല്‍ സുരേഷ് പറഞ്ഞു.
സുരേഷ് ഗോപിക്കുവേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനു പോയപ്പോഴുള്ള അനുഭവങ്ങള്‍ വിശദീകരിക്കവേയാണ് ഗോകുല്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
Discussion about this post