പേരാമ്പ്ര: കേരളം ഇന്നലെ കനത്ത പോളിങ് രേഖപ്പെടുത്തി. തങ്ങളുടെ സമ്മതിദാനം രേഖപ്പെടുത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പലരും, എന്നാല്‍ ചില കണ്ണീര്‍ കഥകളും ബൂത്തുകളില്‍ നിന്നും വരുന്നുണ്ട്. അത്തരത്തില്‍ കണ്ണു നിറയ്ക്കുന്ന ഒരു കഥയാണ് പേരാമ്പ്രയിലെ വോട്ട് ബൂത്തില്‍ നിന്ന് വരുന്നത്.
ഒറ്റപ്പെടലിന്റെ നോവും ജീവിതം എങ്ങോട്ടെന്നുള്ള ചോദ്യവുമായിരുന്നു ആ മുഖത്ത് ഉണ്ടായിരുന്നത്. പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കടയിലെ വളച്ചുകെട്ടി വീട്ടില്‍ മൂസയുടെ ഭാര്യയാണ് മറിയം. ഇന്നലെ രാവിലെ പേരാമ്പ്ര ബൂത്തില്‍ മറിയം മകന്‍ മുത്തലിബിന്റെ കയ്യുംപിടിച്ചാണ് എത്തിയത്. വോട്ടര്‍പട്ടികയില്‍ ആ വീട്ടിലെ മറ്റു മൂന്നു പേരുകള്‍ ‘ഡിലീറ്റഡ്’ എന്നെഴുതി വെട്ടിക്കളഞ്ഞിട്ടുണ്ട്. അവര്‍ നിപ്പ ബാധിച്ചു മരിച്ചിട്ട് മേയ് മാസത്തില്‍ ഒരു വര്‍ഷം തികയുകയാണ്.
നിപ്പ ബാധിച്ച് ആദ്യമായി മരണത്തിനു കീഴടങ്ങിയത് മറിയത്തിന്റെ ഭര്‍ത്താവ് മൂസയും മക്കളായ സാബിത്തും സാലിഹുമാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഇവര്‍ക്കു ചികിത്സ ലഭ്യമാക്കുന്നതിനിടെയാണ് നഴ്‌സ് ലിനിയടക്കമുള്ളവര്‍ക്ക് നിപ്പ ബാധിച്ചത്.
ആ വീട്ടില്‍ മറിയവും ഇളയ മകന്‍ മുത്തലിബും മാത്രമാണ് ശേഷിച്ചത്. മൂസയും മക്കളും മരിക്കുന്നതിനു മുന്‍പ് ഒരു വീട് വാങ്ങിയിരുന്നെങ്കിലും അടച്ചിട്ടിരിക്കുകയാണ്. സഹോദരങ്ങളുടെ വീടുകളിലാണ് മറിയവും മുത്തലിബും ഇപ്പോള്‍ താമസം. പേരാമ്പ്ര ആവടുക്ക ചങ്ങരോത്ത് എംഎല്‍പി സ്‌കൂളിലെ 23ാം നമ്പര്‍ ബൂത്തിലാണ് ഇവര്‍ വോട്ടു ചെയ്യാനെത്തിയത്. മുത്തലിബിന്റെ കന്നിവോട്ടായിരുന്നു ഇത്തവണ.
Discussion about this post