കൊച്ചി: യാത്രികരെ മൃഗീയമായി മര്‍ദ്ദിച്ച കല്ലട ട്രാവല്‍സിനെതിരെ കേരളക്കരയില്‍ ഒന്നടങ്കം രോഷവും പ്രതിഷേധവും രേഖപ്പെടുത്തുന്നതിനിടെ പിന്തുണയുമായി സംഘപരിവാര്‍ രംഗത്ത്. കല്ലട സ്ഥാപനത്തെ പിന്തുണച്ച് സോഷ്യല്‍മീഡിയയിലെ ചില സംഘപരിവാര്‍ ഗ്രൂപ്പുകളാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കല്ലടയ്ക്കെതിരെയുള്ള പരാതികള്‍ ഒരു ഹിന്ദുവിന്റെ ബിസിനസ് സ്ഥാപനത്തെ തകര്‍ക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായി നടക്കുന്നതാണെന്നാണ് സംഘപരിവാറിന്റെ പക്ഷം.
സ്ഥാപനത്തിനും ജീവനക്കാര്‍ക്കുമെതിരെയുള്ള നടപടികളും ഉടമ സുരേഷ് കല്ലടയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതുമൊക്കെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തുടരുന്ന ഹൈന്ദവ വിദ്വേഷത്തിന്റെ ഭാഗമാണെന്നും പ്രചരണത്തില്‍ ഉണ്ട്. ഏകപക്ഷീയമായ പ്രചരണങ്ങളാണെന്ന് ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ”കല്ലട ഗ്രൂപ്പിനെതിരെ നടക്കുന്ന ഏകപക്ഷീയമായ പ്രചാരണങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശം എന്താണ് ? .:: ജീവനക്കാര്‍ തെറ്റ് ചെയ്താല്‍ നിയമപരമായ ശിക്ഷ ഉറപ്പാക്കണം ..അതിനു സ്ഥാപനത്തെ ആക്രമിക്കുന്നത് വേറെ ചില ലക്ഷ്യങ്ങള്‍ കൊണ്ടാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു … ലുലുവിലെ ജീവനക്കാര്‍ മോശമായി പെരുമാറിയാല്‍ യൂസഫലിയെ ഇങ്ങനെ കാണുമോ?”, പ്രദീഷ് കുറിപ്പില്‍ ചോദിക്കുന്നുണ്ട്.
കല്ലടക്കെതിരെ നടക്കുന്ന നീക്കങ്ങള്‍ ആസൂത്രിതമാണെന്ന് ഭാരതീയ ജനത പാര്‍ട്ടി എന്ന ഗ്രൂപ്പിലും പ്രചരണം ഉണ്ട്. നിരവധി ആളുകളാണ് ഈ കുറിപ്പുകള്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നത്. ഹിന്ദുക്കളില്‍ സാമ്പത്തികമായി ഉയര്‍ന്നു വരുന്നവരെ നശിപ്പിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയാനും പ്രതികരിക്കാനും കുറിപ്പില്‍ ആഹ്വാനം ഉണ്ടെന്നതാണ് ഏറെ അമ്പരപ്പിക്കുന്നത്. നെഹ്റു ഗ്രൂപ്പ്, നിറപറ, അറ്റ്ലസ് എന്നിവയ്ക്കെതിരേ നടന്നതുപോലെയുള്ള ഗൂഢാലോചനയാണെന്നും ഇത് ഹിന്ദു വിരുദ്ധതയാണെന്നും ഇവര്‍ വാദിക്കുന്നു. നെഹ്റു ഗ്രൂപ്പിനെയും നിപറയേയും അറ്റ്ലസിനെയും തകര്‍ക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ് കല്ലടയേയും തകര്‍ക്കാന്‍ നോക്കുന്നതെന്നും ഇക്കൂട്ടര്‍ പറയുന്നു.
കല്ലട ട്രാവല്‍സിലെ യാത്രക്കാരുമായി ഉണ്ടായ ഈ സംഭവത്തില്‍ വര്‍ഗീയ നിറം കലര്‍ത്തുവാനാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നത്. ഈ പ്രചരണത്തിനെതിരെയും സോഷ്യല്‍മീഡിയ രംഗത്ത് വന്നിട്ടുണ്ട്. ശനിയാഴ്ച രാത്രി പത്തോടെയാണ് തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസില്‍ വെച്ച് യാത്രികരെ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ബസ് തകരാറിലായതിനെത്തുടര്‍ന്ന് മൂന്നുമണിക്കൂറോളം പെരുവഴിയിലായത് യാത്രക്കാര്‍ ചോദ്യം ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം.
ചോദ്യം ചെയ്തതില്‍ പ്രകോപിതരായ ബസിലെ ജീവനക്കാര്‍ യാത്രികരെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് കല്ലടയിലെ ക്രൂരത പുറംലോകം അറിഞ്ഞത്. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കല്ലടയെ കൊല്ലടയാക്കിയും തല്ലടയാക്കിയും ട്രോളന്മാരും സജീവമാണ്. ആക്രമണത്തില്‍ കല്ലടയിലെ ഏഴ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വധശ്രമത്തിനാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കൂടാതെ കല്ലട ബസിന്റെ ആപ്പിനും പ്ലേ സ്റ്റോറില്‍ കയറി റേറ്റിങ് താഴ്ത്തി കൊടുത്തിട്ടുണ്ട് സൈബര്‍ പോരാളികള്‍. അക്രമ ദൃശ്യങ്ങള്‍ പുറത്ത് വന്നതിനു പിന്നാലെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് മറ്റ് യാത്രികരും പുറത്ത് വിട്ടിരിക്കുന്നത്.
Discussion about this post