തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത പോളിങ് ആണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. അതേസമയം വോട്ടിങ് യന്ത്രത്തിന്റെ തകരാറുകള്‍ പലയിടത്തും പ്രതിഷേധങ്ങള്‍ക്കിടയാക്കി. വോട്ടിങ് യന്ത്രത്തിന് തകരാര്‍ ഉണ്ടെന്ന് പറഞ്ഞ് പല വോട്ടര്‍മാരും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വോട്ടിങ് യന്ത്രത്തിന് തകരാറിലായെന്ന് പരാതി നല്‍കിയ തിരുവനന്തപുരം സ്വദേശിക്കെതിരെ കേസ് എടുത്തത്.
വോട്ടിങ് യന്ത്രത്തിന്റെ തകരാര്‍ തെളിയിക്കാന്‍ ഇയാള്‍ക്ക് സാധിക്കാതെ വന്നതോടെയാണ് തിരുവനന്തപുരം സ്വദേശി എബിനെതിരെ കേസെടുത്തിരിക്കുന്നത്. ടെസ്റ്റില്‍ വോട്ടിങ് യന്ത്രത്തിന്റെ ക്രമക്കേട് തെളിയിക്കാനാകാതെ എബിന്‍ പരാജയപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വോട്ടിങ് ക്രമക്കേട് ആരോപിക്കുന്നവര്‍ക്ക് അത് തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 177 പ്രകാരം കേസ് എടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പു ഓഫീസര്‍ അറിയിച്ചിരുന്നു. ഇക്കാര്യം പ്രിസൈഡിങ് ഓഫീസര്‍ ക്രമക്കേട് ഉന്നയിക്കുന്ന ആളുകളെ ബോധ്യപ്പെടുത്തണമെന്നും പരാതിയില്‍ ഉത്തമ ബോധ്യത്തോടെ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ ഡിക്ലറേഷന്‍ ഫോമില്‍ പരാതി എഴുതി വാങ്ങിക്കണമെന്നും നിര്‍ദേശമുണ്ട്. ആരോപണം തെറ്റാണെന്നു തെളിഞ്ഞാല്‍ ഉടന്‍ പോലീസില്‍ ഏല്‍പ്പിക്കണമെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അറിയിച്ചു.
സംസ്ഥാനത്ത് കോവളത്തും പത്തനംതിട്ടയിലുമാണ് പ്രധാനമായും വോട്ടിങ് യന്ത്രത്തിന്റെ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തത്. കോവളത്ത് കൈപ്പത്തിയില്‍ വോട്ട് ചെയ്തപ്പോള്‍ രേഖപ്പെടുത്തിയത് താമരയ്ക്കാണെന്നും പത്തനംതിട്ട ഇലന്തൂരില്‍ ഏതു സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്താലും വോട്ട് എല്‍ഡിഎഫിനെന്ന് യുഡിഎഫും പരാതിപ്പെട്ടിരുന്നു.
Discussion about this post