കൃത്യമായി കണ്ടു, കോണ്‍ഗ്രസിന് കുത്തിയപ്പോള്‍ തെളിഞ്ഞത് താമര! എനിക്ക് ബിജെപിക്ക് വോട്ട് ചെയ്യേണ്ട, റീപോളിങ് വേണം; പരാതിയുമായി യുവതി

വോട്ട് മാറിപ്പോയ 76 പേര്‍ക്കും വീണ്ടും റീപോളിങ്ങിന് അവസരം കൊടുക്കണമെന്ന ആവശ്യവുമായി എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്തിയിട്ടുണ്ട്.

തിരുവനന്തപുരം: കോണ്‍ഗ്രസിന് കുത്തുമ്പോള്‍ വോട്ട് താമരയ്ക്ക് തെളിയുകയാണെന്ന പരാതി ഉയരുന്നതിനിടെ ആരോപണം ബലപ്പെടുത്തി തിരുവനന്തപുരത്തെ യുവതിയുടെ മൊഴി. താന്‍ കുത്തിയത് കോണ്‍ഗ്രസിന് ആണെന്നും തെളിഞ്ഞത് താമരയാണെന്നും യുവതി ആരോപിച്ചു. റീപോളിങ് വേണമെന്നാണ് ഇവരുടെ ആവശ്യം. തനിക്ക് ബിജെപിക്ക് വോട്ട് ചെയ്യേണ്ടെന്നും യുവതി പറയുന്നുണ്ട്. കോവളം ചൊവ്വ 151ാം ബൂത്തിലെ വോട്ടിങ് യന്ത്രത്തിലാണ് ഗുരുതര പിഴവ് സംഭവിച്ചത്.

”രാവിലെ വോട്ട് ചെയ്യാന്‍ പോയത് കോണ്‍ഗ്രസിനാണ്. ഒരുപാട് നേരം പ്രസ് ചെയ്തപ്പോള്‍ മെഷീന്‍ പ്രവര്‍ത്തിച്ചില്ല. അടുത്തിരുന്ന ഓഫീസറോട് പറഞ്ഞപ്പോള്‍ സഹായത്തിന് വന്നു. പ്രസ് ചെയ്തപ്പോള്‍ കോണ്‍ഗ്രസിന് കൊടുത്ത വോട്ട് താമരക്കാണ് പോയത്. വിവിപാറ്റിലും മെഷീനിലും താമരയാണ് തെളിഞ്ഞത്. അത് കൃത്യമായി കണ്ടു. ആദ്യം ഭര്‍ത്താവിനോടാണ് പറഞ്ഞത്. കണ്ട കാര്യമാണ്. എനിക്ക് താമരക്ക് വോട്ടു കൊടുക്കണ്ട. കോണ്‍ഗ്രസിനു തന്നെ കൊടുക്കണം. റീപോളിങ്ങ് വേണം”, യുവതി പറയുന്നു.

മെഷീന് തകരാര്‍ ഇല്ലെന്നും നിങ്ങള്‍ക്ക് വോട്ടു ചെയ്യാന്‍ അറിയാത്തതു കൊണ്ടുള്ള പ്രശ്‌നമാണെന്നുമാണ് പരാതിപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്ന് പരാതിക്കാരിയുടെ ഭര്‍ത്താവും വെളിപ്പെടുത്തി. വോട്ട് മാറിപ്പോയ 76 പേര്‍ക്കും വീണ്ടും റീപോളിങ്ങിന് അവസരം കൊടുക്കണമെന്ന ആവശ്യവുമായി എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്തിയിട്ടുണ്ട്. കോവളത്തിനു പുറമെ ചേര്‍ത്തലയിലും ഇതേ തകരാര്‍ സംഭവിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടുകളും ഉണ്ട്.

Exit mobile version