വയനാടുമായി രാഹുലിനുള്ളത് ജന്മബന്ധം; കാത്തിരിക്കുന്നു ഒരമ്മ

വയനാട്: ‘ജന്മബന്ധ’മാണ് വയനാടുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുള്ളത്. എങ്ങനെയെന്നാല്‍ ഡല്‍ഹിയിലെ ഹോളി ഫാമിലി ആശുപത്രിയില്‍ രാഹുല്‍ ജനിച്ചു വീണത് ഒരു വയനാട്ടുകാരിയുടെ കൈകളിലേക്കാണ്. ബത്തേരി നായ്ക്കട്ടി സ്വദേശി രാജമ്മ രാജപ്പനാണ് ആ വയനാട്ടുകാരന്‍.

രാഹുല്‍ ജനിച്ചത് 1970 ജൂണ്‍ 19 ന് ന്യൂഡല്‍ഹി ഹോളി ഫാമിലി ആശുപത്രിയിലായിരുന്നു. അന്ന് ലേബര്‍ റൂമില്‍ ഡ്യൂട്ടി നഴ്‌സായിരുന്നു രാജമ്മയ്ക്ക്. ‘സോണിയ ഗാന്ധിയെ രാവിലെ 9 മണിയോടെയാണ് ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചത്. ഉച്ചയ്ക്കു രണ്ടരയോടെ സുഖപ്രസവം നടന്നു. ഒത്ത വണ്ണവും നിറയെ മുടിയുമുള്ള കുഞ്ഞായിരുന്നു പിറന്നത്.’ രാജമ്മ ഓര്‍മ്മിക്കുന്നു.

അന്ന് പ്രധാനമന്ത്രിയായിരുന്ന മുത്തശ്ശി ഇന്ദിരാഗാന്ധിയും അച്ഛന്‍ രാജീവ് ഗാന്ധിയും രാഹുലിനെ കാണാന്‍ ആശുപത്രിയിലെത്തിയിരുന്നു. ഒരാഴ്ചയോളം രാഹുലിനെ ശുശ്രൂഷിച്ചത് രാജമ്മയും സഹപ്രവര്‍ത്തകരുമാണ്. ഹോളി ഫാമിലിയില്‍ സേവനമനുഷ്ഠിക്കുമ്പോള്‍ അഹമ്മദാബാദ് മിലിട്ടറി ആശുപത്രിയില്‍ ജോലി കിട്ടിയിരിന്നു. ഇപ്പോള്‍ രാജമ്മയ്ക്ക് 72 വയസ്സായി.

രാഹുല്‍ ആദ്യമായി വയനാട്ടില്‍ വന്നപ്പോള്‍ അടുത്തുകാണാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍ ആവശ്യവുമായി അങ്ങോട്ടു സമീപിക്കാന്‍ മടിയായിരുന്നുവെന്നും രാജമ്മ പറഞ്ഞു. അടുത്ത പ്രാവശ്യം രാഹുല്‍ വരുമ്പോള്‍ കാണണമെന്നും കുഞ്ഞായിരിക്കുമ്പോഴേ ഞാന്‍ കൈയിലെടുത്ത കുട്ടിയല്ലേ എന്നും രാജമ്മ പറഞ്ഞു.

Exit mobile version