വോട്ടിങ് യന്ത്രത്തിന് തകരാര്‍; വോട്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് ഉമ്മന്‍ചാണ്ടി

കൈപ്പത്തിക്ക് വോട്ടു രേഖപ്പെടുത്തുമ്പോള്‍ താമര ചിഹ്നം തെളിയുന്നത് അടക്കമുള്ള പരാതികള്‍ വളരെ ഗൗരവമായി തന്നെ എടുക്കണമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

കോട്ടയം: കോവളത്തെ വോട്ടിങ് യന്ത്രത്തിന് തകരാര്‍ കണ്ടെത്തിയ പരാതിയില്‍ പ്രതികരണവുമായി ഉമ്മന്‍ചാണ്ടി. യന്ത്രത്തിനു തകരാര്‍ കണ്ടെത്തിയ പരാതി ശരിയാണെന്നാണ് മനസ്സിലാക്കുന്നത്. കൈപ്പത്തിക്ക് വോട്ടു രേഖപ്പെടുത്തുമ്പോള്‍ താമര ചിഹ്നം തെളിയുന്നത് അടക്കമുള്ള പരാതികള്‍ വളരെ ഗൗരവമായി തന്നെ എടുക്കണമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. ചേര്‍ത്തലയില്‍ നിന്ന് അടക്കം വലിയ പരാതി ഉയര്‍ന്നിട്ടുണ്ട്. ചേര്‍ത്തലയില്‍ ഇടത് മുന്നണി പരാതി നല്‍കിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഇത്തരം പരാതികള്‍ ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്. പല തവണയായി വോട്ടിങ് യന്ത്രത്തിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബാലറ്റിലേക്ക് തിരിച്ച് പോകണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വോട്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. കോട്ടയത്ത് കുടുംബ സമേതം എത്തി ഉമ്മന്‍ചാണ്ടി വോട്ട് രേഖപ്പെടുത്തി.

യുഡിഎഫ് വന്‍ വിജയം നേടുമെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വീഴ്ചകളും ജനദ്രോഹനയങ്ങളും തുറന്ന് കാട്ടാന്‍ യുഡിഎഫിന് കഴിഞ്ഞെന്നും വോട്ട് ചെയ്ത ശേഷം ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.

Exit mobile version