കോഴിക്കോട്: സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പു കമ്മീഷനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. വോട്ടിങ് യന്ത്രത്തിന് തകരാറില്ല എന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉറപ്പു വരുത്തണമായിരുന്നു എന്നും വോട്ടങ് മെഷീന്റെ കാര്യം തെരഞ്ഞെടുപ്പു കമ്മീഷന്‍ ഗൗരവമായി എടുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വോട്ടിങ് യന്ത്രത്തെ കുറിച്ച് നേരത്തെ തന്നെ വ്യാപകമായ പരാതിയുണ്ട്. അങ്ങനെ ഒരു പരാതി ഉയരുന്ന ഘട്ടത്തില്‍ ഓരോ ബൂത്തിലും വെക്കുന്ന വോട്ടിങ് യന്ത്രത്തിന് തകരാറില്ല എന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉറപ്പു വരുത്തണമായിരുന്നു. ഞാന്‍ വോട്ടു ചെയ്യേണ്ട ബൂത്തില്‍ വോട്ടിങ് മെഷീന്‍ ആദ്യ ഘട്ടത്തില്‍ തകരാറിലായി.
ഇവിടെ അടുത്തു തന്നെ മറ്റൊരു ബൂത്തിലും വോട്ടിങ് മെഷീന്‍ തകരാറിലായി. കേരളത്തില്‍ വ്യാപകമായി വോട്ടിങ് മെഷീന്‍ തകരാറിലായി എന്ന വസ്തുത നിലനില്‍ക്കുന്നുണ്ട്. അക്കാര്യം തെരഞ്ഞെടുപ്പു കമ്മീഷന്‍ ഗൗരവമായി എടുത്തില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, വോട്ടിങ് മെഷീനിലെ തകരാറു മൂലം പല മണ്ഡലങ്ങളിലും വോട്ടെടുപ്പ് വൈകി. തിരുവനന്തപുരം ചൊവ്വരയില്‍ ഇവിഎമ്മില്‍ തകരാറിനെ തുടര്‍ന്ന് വോട്ടെടുപ്പ് നിര്‍ത്തിവെച്ചു.