തൃശ്ശൂര്‍: ആലത്തൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ശബ്ദ പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ ഉണ്ടായ കല്ലേറില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിരോധത്തില്‍. കല്ലേറ് കോണ്‍ഗ്രസ് തന്നെ തട്ടിക്കൂട്ടിയ നാടകമാണെന്നും കല്ലെറിഞ്ഞത് യുഡിഎഫ് പ്രചാരണ വാഹനത്തില്‍ നിന്നാണെന്നും വ്യക്തമായതോടെ സംയമനം നഷ്ടപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക്.
പിന്നാലെ, വ്യാജപ്രചാരണം തകര്‍ത്തവര്‍ക്ക് നേരെ രൂക്ഷ പ്രതികരണങ്ങളുമായി തിരിഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. അനില്‍ അക്കര എംഎല്‍എ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ചതിക്കല്ലേടാ.. കല്ലെറിയല്ലേ എന്നൊക്കെ അലറി വിളിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നതോടെയാണ് എല്‍ഡിഎഫിനെതിരെ ജനങ്ങളെ തിരിച്ചുവിട്ട് യുഡിഎഫ് അനുകൂല സഹതാപ തരംഗമുണ്ടാക്കാനുള്ള ശ്രമം അമ്പേ പരാജയപ്പെട്ടത്.
ഇതോടെ, കോണ്‍ഗ്രസിന് അനില്‍ അക്കര എംഎല്‍എ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുന്ന വീഡിയോ പുറത്തുവിട്ട മാധ്യമങ്ങള്‍ക്ക് നേരെയായി കലിപ്പ്. റിപ്പോര്‍ട്ടര്‍ ചാനലും റിപ്പോര്‍ട്ടറിന്റെ ഓണ്‍ലൈന്‍ മീഡിയയുമാണ് ആദ്യമായി അനില്‍ അക്കരയുടെ വീഡിയോ പുറത്തെത്തിച്ചത്. ഇതിനു പിന്നാലെ റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി നികേഷ് കുമാറിനെതിരെ പരസ്യമായി അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞ് അനില്‍ അക്കര രംഗത്തെത്തി. നികേഷിന്റെ രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന എംഎല്‍എ ‘ഞാന്‍ തന്നെ പോലെ പാര്‍ട്ടി മാറില്ലെന്നും ഞാന്‍ ഒറ്റ തന്തയ്ക്ക് പിറന്നതാ’ എന്ന ഡയലോഗൊക്കെ ഫേസ്ബുക്കില്‍ കുറിച്ച് സിനിമാ സ്റ്റൈലില്‍ ജാള്യത മറയ്ക്കാന്‍ ശ്രമിച്ചെങ്കിലും ജനങ്ങള്‍ സത്യം തിരിച്ചറിഞ്ഞതോടെ നാണംകെട്ടിരിക്കുകയാണ്. വീഡിയോ റിപ്പോര്‍ട്ടറിന് പിന്നാലെ പ്രമുഖ മാധ്യമങ്ങളെല്ലാം ഏറ്റെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്തത് എംഎല്‍എയ്ക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനും ക്ഷീണമായിട്ടുണ്ട്. സോഷ്യല്‍മീഡിയയും കോണ്‍ഗ്രസ് നാടകത്തിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി. ഇതോടെ അവസാന ഭാഗത്തെ സിനിമാ സ്‌റ്റൈല്‍ ഡയലോഗ് എഡിറ്റ് ചെയ്ത് അനില്‍ അക്കര വീണ്ടും സോഷ്യല്‍മീഡിയയുടെ പരിഹാസത്തിന് പാത്രമായി.
ക്ലാസ്‌മേറ്റ്‌സ് സിനിമയിലെ നെഗറ്റീവ് കഥാപാത്രം സതീശന്‍ കഞ്ഞിക്കുഴിയുടെ തന്ത്രങ്ങളാണ് കോണ്‍ഗ്രസിന്റേതെന്നും രാഷ്ട്രീയ നിലവാരം കുറച്ചെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ കാണിക്കണമെന്നും സോഷ്യല്‍മീഡിയ ഇവരോട് ആവശ്യപ്പെടുന്നു. എല്‍ഡിഎഫിന്റെ കല്ലേറില്‍ പരിക്കേറ്റെന്ന് പറഞ്ഞ് കൊട്ടിക്കലാശത്തിന് പിന്നാലെ ആശുപത്രിയില്‍ ചികിത്സ തേടിയ അനില്‍ അക്കരയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാത്രി 8.40ഓടെ തന്നെ ആശുപത്രി വിട്ടതും ഇതിനിടെ വലിയ വാര്‍ത്തയായി. സ്വന്തം അണികളെ ഉപയോഗിച്ച് കോണ്‍ഗ്രസ് കാണിച്ച ‘ദേഹത്ത് കൊള്ളാത്ത കല്ലേറ് നാടകമാണ്’ ഇതെന്നു ഈ സംഭവത്തോടെ വ്യക്തമായെന്നും വിമര്‍ശനം ഉയരുന്നു.
അനില്‍ അക്കര എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ചതിക്കല്ലേ എന്ന് പറഞ്ഞു അതിലന്താണ് തെറ്റ് നികേഷേ ,
നികേഷേ നിന്റെ അച്ഛനെ dyfi ക്കാര്‍ കല്ലേറിഞ്ഞപ്പോലെ അന്ന് നിന്റെ അച്ഛന്‍ പോലീസിനോട് വെടിവെയ്ക്കല്ലെന്ന് നിന്റെ അച്ഛന്‍ പറഞ്ഞിരുന്നെങ്കില്‍ കൂത്തുപറമ്പ് രക്തസാക്ഷികള്‍ ഉണ്ടാകുമായിരുന്നില്ല .
ഇവിടെ ആലത്തൂരില്‍ സിപിഎം സ്‌നേഹിതര്‍ കല്ലെറിഞ്ഞപ്പോള്‍ തിരിച്ചെറിയരുത് എന്ന് ഞാന്‍ അലറിപ്പറഞ്ഞു .ചതിക്കല്ലേ എന്ന് പറഞ്ഞു അതിലന്താണ് തെറ്റ് നികേഷേ ,ഞാന്‍ നിന്നെപ്പോലെ പാര്ട്ടിമറില്ല .
ഞാന്‍ ഒറ്റ തന്തക്ക് പിറന്നതാ .