‘ബസിനകത്തു വെച്ചും പുറത്തും വെച്ചും യുവാക്കളെ ഓടിച്ചിട്ട് മര്‍ദ്ദിച്ചു; വീഡിയോ പകര്‍ത്തിയതിന് ആക്രമിക്കുമോയെന്ന് ഭയപ്പെട്ടു’; കല്ലടയിലെ ആക്രമണം പുറത്തെത്തിച്ച ജേക്കബ് ഫിലിപിന്റെ വാക്കുകള്‍

മൂന്ന് യാത്രക്കാരായ യുവാക്കളെ ബസ് ജീവനക്കാര്‍ ബസിന് ഉള്ളിലിട്ടും പുറത്തേക്ക് വലിച്ചുകൊണ്ടുപോയും ക്രൂരമായി മര്‍ദ്ദിച്ചെന്ന് ജേക്കബ് ഫിലിപ് പറയുന്നു.

തിരുവനന്തപുരം: സ്വകാര്യ ട്രാവല്‍സായ സുരേഷ് കല്ലട ട്രാവല്‍സിന്റെ ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസില്‍ യാത്രക്കാര്‍ക്ക് നേരെയുണ്ടായ ആക്രമണം പുറംലോകത്തെത്തിച്ചത് ജേക്കബ് ഫിലിപ് എന്ന യുവാവാണ്. മൂന്ന് യാത്രക്കാരായ യുവാക്കളെ ബസ് ജീവനക്കാര്‍ ബസിന് ഉള്ളിലിട്ടും പുറത്തേക്ക് വലിച്ചുകൊണ്ടുപോയും ക്രൂരമായി മര്‍ദ്ദിച്ചെന്ന് ജേക്കബ് ഫിലിപ് പറയുന്നു. മൊബൈല്‍ ഫോണില്‍ ആക്രമണം ചിത്രീകരിക്കുകയും പോലീസിനേയും മാധ്യമങ്ങളേയും അറിയിക്കാന്‍ മുന്‍കൈയ്യെടുത്തതും ജേക്കബായിരുന്നു. വഴിയില്‍ ബസ് നിര്‍ത്തി ജീവനക്കാരുടെ ഗുണ്ടകള്‍ ബസിനുള്ളിലേക്ക് കയറിവന്ന് യാത്രക്കാരെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ജേക്കബ് ഫിലിപ്പ് പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

താനാണ് ആ വീഡിയോ എടുത്തതെന്നും രാത്രി ഉറങ്ങിക്കൊണ്ടിരിക്കുന്ന സമയത്താണ് സംഭവം നടക്കുന്നതെന്നും ജേക്കബ് ഫിലിപ് പറയുന്നു. രാവിലെ നാലര മണിയോടെ ബഹളം കേട്ടാണ് ഉണര്‍ന്നത്. നേരത്തേ ബസ് ബ്രേക്ക് ഡൗണായി കിടന്നപ്പോള്‍ പകരം സംവിധാനത്തിനായി ചോദ്യം ചെയ്ത പിള്ളാരെ കുറേപേര്‍ ബസിനുള്ളിലേക്ക് വന്ന് തല്ലാന്‍ തുടങ്ങി. ബസിന് പുറത്തും പത്തുപേരോളം നില്‍ക്കുന്നുണ്ടായിരുന്നു. ഒന്നും ചെയ്യാനാകാത്ത അവസ്ഥയായിരുന്നു. ആരെങ്കിലും അക്രമികളെ ചെറുക്കാന്‍ ശ്രമിച്ചാല്‍ സാഹചര്യം മോശമാകുമായിരുന്നെന്നും ജേക്കബ് തുടരുന്നു.

നേരത്തേ ജീവനക്കാരെ ചോദ്യം ചെയ്ത രണ്ട് പിള്ളാരെയും അവരെ പിന്തുണച്ച മറ്റൊരാളെയും അക്രമികള്‍ അടിച്ച് വെളിയില്‍ ഇറക്കിവിട്ടു. ബസിന് പുറത്തിറക്കിയ അവരെ പിന്നെയും ഓടിച്ചിട്ട് അടിച്ചു. ചിലര്‍ അക്രമികളെ തടയാന്‍ ശ്രമിക്കുന്നതും എന്നിട്ടും കൂട്ടം കൂടി അവര്‍ യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിക്കുന്നതും ബസിനകത്തിരുന്ന് കാണാമായിരുന്നു. ബസിനുള്ളില്‍ നടന്ന അക്രമത്തിന്റെ വീഡിയോ ആണ് താന്‍ പകര്‍ത്തിയതെന്നും പുറത്ത് നടക്കുന്ന സംഭവങ്ങള്‍ വിന്‍ഡോയിലൂടെ കാണാമായിരുന്നെങ്കിലും വീഡിയോ എടുക്കാന്‍ ഭയമായിരുന്നെന്നും അദ്ദേഹം പറയുന്നുണ്ട്. കാരണം താന്‍ ഇരിക്കുന്നതിന്റെ തൊട്ടടുത്ത് കല്ലട ബസ് ജീവനക്കാര്‍ നില്‍പ്പുണ്ടായിരുന്നു. അവര്‍ തന്നെ ആക്രമിക്കുകയോ തന്റെ ഫോണ്‍ വാങ്ങി നശിപ്പിച്ചുകളയുകയോ ചെയ്‌തേനെ. ഇതിനിടെ പുറത്തിറങ്ങി പോകാന്‍ ശ്രമിച്ചെങ്കിലും ബസ് ജീവനക്കാര്‍ അനുവദിച്ചില്ല. ഈ സംഭവം പുറം ലോകത്തെ അറിയിക്കാന്‍ ബസില്‍ ഇരുന്നുതന്നെ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നെന്നും ജേക്കബ് ഫിലിപ് പറയുന്നു.

കഴിഞ്ഞദിവസം ബംഗളൂരുവിലേക്കുള്ള യാത്രക്കിടെയാണ് ഹരിപ്പാട് വെച്ച് ബസ് കേടായി വഴിയിലായത്. ഇതിനായി ബദല്‍ സംവിധാനം ആവശ്യപ്പെട്ട് ചില യാത്രക്കാര്‍ ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പേരിലാണ് സുരേഷ് കല്ലട ബസ് ജീവനക്കാരില്‍ നിന്നും യാത്രക്കാര്‍ക്ക് ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നത്. ബസ് ജീവനക്കാരും ഗുണ്ടകളും ഉള്‍പ്പെടെ പതിനഞ്ചോളംപേര്‍ വൈറ്റിലയില്‍വച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്ന് ഇരയായ യുവാവ് അജയഘോഷ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കര്‍ശ്ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എഡിജിപി മനോജ് എബ്രഹാമിനോട് ഡിജിപി റിപ്പോര്‍ട്ട് തേടി.

Exit mobile version