തൃശ്ശൂര്‍: തൊടുന്നതെല്ലാം പൊന്നാക്കുന്ന തൃശ്ശൂര്‍ കളക്ടര്‍ ടിവി അനുപമയുടെ പുതിയ ഷോര്‍ട്ട് ഫിലിമും ഹിറ്റാവുന്നു. സമൂഹമാധ്യമങ്ങളിലും മറ്റും ഇപ്പോള്‍ ഷോര്‍ട്ട് ഫിലിം ചര്‍ച്ചയായി മുന്നേറുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിനായി കേരളം നാളെ പോളിങ് ബൂത്തിലേയ്ക്ക് കടക്കുകയാണ്. ഇതിനു മുന്‍പായാണ് കളക്ടര്‍ ഷോര്‍ട്ട് ഫിലിം പങ്കുവെയ്ക്കുന്നത്. വോട്ട് ചെയ്യേണ്ടത് നമ്മുടെ തന്നെ അവകാശമാണ്, അത് തീര്‍ച്ചയായും ചെയ്തിരിക്കണമെന്ന നിര്‍ദേശമാണ് ഫിലിമിന്റെ അടിസ്ഥാനം. ‘അവര്‍ ഡേ’ എന്നാണ് ഷോര്‍ട്ട് ഫിലിമിന്റെ പേര്.
കുടുംബം അടക്കം ഒരു കല്യാണത്തിന് പോകാന്‍ ഒരുങ്ങുമ്പോള്‍ കൂടെ തന്റെ പിതാവിനെയും കൂട്ടുവാന്‍ ഇറങ്ങി, എന്നാല്‍ തനിക്ക് വയ്യെന്നും എണീക്കാന്‍ പോലും ആകുന്നില്ലെന്നും പറഞ്ഞ് കിടക്കയിലേയ്ക്ക് ചുരുണ്ടി കിടക്കുകയുമായിരുന്നു. എന്നാല്‍ അതിന്റെ അടുത്ത ദിവസം തെരഞ്ഞെടുപ്പിന് പോകണമെന്ന് ഭാര്യ പറയുമ്പോള്‍ പോകണമോ എന്നാണ് ഭര്‍ത്താവ് ചോദിക്കുന്നത്. പോയിട്ട് വല്ല ഗുണമുണ്ടോ എന്നും ചോദിക്കുന്നുണ്ട്. നമുക്ക് കാര്യമില്ലാത്ത കാര്യമല്ലേ എന്നും ആരായുന്നുണ്ട്. ശേഷം പോവണ്ട എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതിനിടയില്‍ വയ്യാതെ കിടക്കുന്ന അച്ഛനെ കാണാതാവുകയായിരുന്നു. ഏറെ നേരത്തെ അന്വേഷണത്തിനൊടുവിലാണ് അച്ഛനെ കണ്ടത്. എവിടെ പോയി എന്ന് ഇരുവരും ചോദിച്ചപ്പോള്‍ വോട്ട് ചെയ്ത കൈ ഉയര്‍ത്തി കാണിക്കുകയായിരുന്നു. ചെറിയ രംഗങ്ങളിലൂടെ വലിയ സന്ദേശമാണ് ‘അവര്‍ ഡേ’ നല്‍കിയത്. ഷോര്‍ട്ട് ഫിലിമിന്റെ അവസാന രംഗങ്ങളില്‍ കളക്ടര്‍ അനുപമയും എത്തുന്നുണ്ട്.
ആര്‍ക്ക് വോട്ട് ചെയ്യണമെന്നത് നിങ്ങളുടെ ഓരോരുത്തരുടെയും തീരുമാനമാണെന്നും എന്നാല്‍ ഞാന്‍ വോട്ട് ചെയ്യുമെന്ന തീരുമാനത്തിനാണ് പ്രാധാന്യമെന്നും അനുപമ പറയുന്നു. നമുക്ക് ചിലരില്‍ നിന്നും നല്ലതും മോശമായ പല അനുഭവങ്ങളും ഉണ്ടാകാം, പക്ഷേ അവയൊന്നും തന്നെ വോട്ടു ചെയ്യുക എന്ന നമ്മുടെ ഉത്തരവാദിത്വത്തില്‍ നിന്ന് നമ്മളെ വിലക്കരുതെന്നും അനുപമ കൂട്ടിച്ചേര്‍ത്തു. നമ്മുടെ അവകാശം മാത്രമല്ല, രാജ്യത്തോടുള്ള നമ്മുടെ കര്‍ത്തവ്യം കൂടിയാണെന്നും കളക്ടര്‍ വ്യക്തമാക്കി. ഇന്നാണ് നമ്മുടെ ദിവസം, ‘അവര്‍ ഡേ’ എന്നു പറഞ്ഞു കൊണ്ടാണ് അവസാനിപ്പിക്കുന്നത്.
Discussion about this post