തൃശ്ശൂര്‍: ബിഗ് ന്യൂസ് ലൈവ് സര്‍വ്വേ എന്ന പേരില്‍ തെറ്റായ പ്രചാരണം നടത്തിയവര്‍ കുടുങ്ങും. ബിഗ് ലൈവ് ടിവി യും ബിഗ് ന്യൂസും ഒഎസ്ഡബ്ലിയുസിയും നടത്തിയ പ്രി പോള്‍ സര്‍വ്വേയുടെ യഥാര്‍ത്ഥ വിവരങ്ങള്‍ക്ക് പകരം വ്യാജമായും തെറ്റായും വളച്ചൊടിച്ച് വാട്‌സ്ആപ്പും മറ്റ് സോഷ്യല്‍മീഡിയയും വഴി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ബിഗ് ന്യൂസ് റെസിഡന്റ് എഡിറ്റര്‍ ഡിജിപിക്ക് പരാതി നല്‍കി.
ഇരുപതിനായിരത്തിലധികം വോട്ടര്‍മാരുടെ പ്രതികരണം നേരിട്ടും ഓണ്‍ലൈനായും ശേഖരിച്ച് തയ്യാറാക്കിയ ബിഗ് ലൈവ് ടിവി-ഒഎസ്ഡബ്ലിയുസി ലോക്സഭാ തെരഞ്ഞെടുപ്പ് പ്രി പോള്‍ സര്‍വ്വേ ഏപ്രില്‍ 19 നു പുറത്തു വിട്ടിരുന്നു. എല്‍ഡിഎഫ് തരംഗം ഉണ്ടാവുമെന്ന് പ്രഖ്യാപിച്ച സര്‍വ്വേ ഫലത്തെയാണ് യുഡിഎഫ് നേട്ടം കൊയ്യും എന്നര്‍ത്ഥത്തില്‍ വ്യാജസന്ദേശം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഈ തെറ്റായ പ്രാചാരണം ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അടിയന്തിര നടപടി ആവശ്യപ്പെട്ട് സംസ്ഥാന ഡിജിപിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കാന്‍ ബിഗ് ന്യൂസ് തീരുമാനിച്ചത്.
20 ലോക്സഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ്-15,യുഡിഎഫ്-5 എന്നിങ്ങനെ സീറ്റ് നേടുമെന്നാണ് ബിഗ് ലൈവ് ടിവി-ഒഎസ്ഡബ്ലിയുസി പ്രീ പോള്‍ സര്‍വ്വേ പ്രവചിച്ചിരുന്നത്. എന്നാല്‍, സോഷ്യല്‍മീഡിയയിലെ വ്യാജപ്രചാരകര്‍ പറയുന്നത് എല്‍ഡിഎഫിന് 2 സീറ്റും യുഡിഎഫിന് 18 സീറ്റും ലഭിക്കുമെന്നാണ്. ബിഗ് ലൈവ് ടിവി സര്‍വ്വേ പുറത്തുവിടാത്ത വോട്ടിന്റെ കണക്കുകള്‍ കൂടി ഉണ്ടാക്കിയാണ് വ്യാജന്മാര്‍ ഈ സന്ദേശം പ്രചരിപ്പിക്കുന്നത് .
സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തുവിട്ടത് ശതമാന കണക്കിലായിരുന്നു. കൃത്യമായ വോട്ടുകളുടെ എണ്ണം സര്‍വ്വേ പുറത്തുവിട്ടിരുന്നില്ല. ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികള്‍ നേടുന്ന വോട്ടിന്റെ ശതമാനവും വിജയത്തിലേക്ക് നയിക്കുന്ന വോട്ട് ശതമാനത്തിലെ വ്യത്യാസവുമാണ് ബിഗ് ലൈവ് ടിവിയും ബിഗ് ന്യൂസ് ലൈവും പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിക്കുന്ന വോട്ടും ഭൂരിപക്ഷം എത്ര വോട്ടാണെന്നും എണ്ണം സഹിതമാണ് ബിഗ് ലൈവ് ടിവി-ഒഎസ്ഡബ്ലിയുസി പ്രീ പോള്‍ സര്‍വ്വേ പ്രവചിച്ചെന്നു കാണിച്ചാണ് സോഷ്യല്‍മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തുന്നത്. ബിഗ് ന്യൂസ് ലൈവിന്റെയും ബിഗ് ലൈവ് ടിവിയുടെയും പേരില്‍ നടത്തുന്ന ഈ തെറ്റായ പ്രാചരണത്തില്‍ വഞ്ചിതരാവരുതെന്ന് പ്രേക്ഷകരോടും വായനക്കാരോടും ബിഗ് ന്യൂസ് അഭ്യര്‍ത്ഥിച്ചു.
ബിഗ് ലൈവ് ടിവിയുടേയും ബിഗ് ന്യൂസ് ലൈവിന്റേയും ഫേസ്ബുക്ക് പേജുകളിലും വെബ്സൈറ്റുകളിലും യൂട്യൂബ് ചാനലുകളിലും ലൈവായി പുറത്തുവിട്ട സര്‍വ്വേഫലം ലക്ഷക്കണക്കിന് പേരാണ് യൂട്യൂബിലും ഫേസ്ബുക്കിലും വെബ്സൈറ്റിലും വായിക്കുകയും കാണുകയും ചെയ്തിട്ടുള്ളത്. ബിഗ് ന്യൂസിന്റെ ഈ ബ്രാന്റ് മൂല്ല്യവും വിശ്വാസ്യതയും മുതലെടുത്ത് വ്യജപ്രചാരണം നടത്താനുള്ള ശ്രമമാണ് ഇപ്പോള്‍ ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായത്.
ആധികാരികമായി നടത്തിയ സര്‍വ്വേയെ കുറിച്ച് വ്യാജപ്രചാരണം നടത്തുന്നതിലൂടെ സ്ഥാപനത്തിന് അവമതിയാണ് ഉണ്ടാക്കുന്നുണ്ടെന്നും വ്യാജപ്രചരണം സ്ഥാപനത്തിന്റെ പേര് കളങ്കപ്പെടുത്തുകയാണെന്നും റസിഡന്റ് എഡിറ്റര്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. അടിയന്തിരമായി തന്നെ ഈ വിഷയത്തില്‍ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാം എന്ന് ഡിജിപി ബിഗ് ന്യൂസിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. സര്‍വ്വേയെയും ബിഗ് ന്യൂസിനെയും കളങ്കപ്പെടുത്തുന്ന തരത്തില്‍ വ്യാജപ്രചാരണം നടത്തിയവരും നടത്തുന്നവരും നിയമനടപടികള്‍ക്ക് വിധേയമാകേണ്ടി വരുമെന്ന് റസിഡന്റ് എഡിറ്റര്‍ ടികെ ഹരീഷ് അറിയിച്ചു.