കൊച്ചി: സുരേഷ് കല്ലട ട്രാവല്‍സിന്റെ ബസ് പാതിവഴിയില്‍ വെച്ച് കേടായതിനെ തുടര്‍ന്ന് ചോദ്യം ചെയ്തതിന് യാത്രക്കാരെ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. ബസ് ഹാജരാക്കാനും പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സുരേഷ് കല്ലട ബസ് ശനിയാഴ്ച രാത്രിയോടെ തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിലേക്ക് തിരിച്ചതായിരുന്നു. ഹരിപ്പാട് എത്തിയതോടെ ബസ് കേടായിരുന്നു. ഇത് ചോദ്യം ചെയ്ത യാത്രക്കാരെ ജീവനക്കാരുള്‍പ്പെട്ട സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മറ്റൊരു ബസില്‍ യാത്രക്കാരെ കൊച്ചി വൈറ്റിലയില്‍ എത്തിച്ചപ്പോഴായിരുന്നു ബസ് ജീവനക്കാര്‍ സംഘംചേര്‍ന്ന് തിരിച്ചടിച്ചത്.
ഇതിന്റെ വാര്‍ത്തയും വീഡിയോയും പുറത്തുവന്നതോടെ സാമൂഹിക വിഷയങ്ങളില്‍ കൃത്യമായി ഇടപെടുന്ന ട്രോളന്മാരും പണി തുടങ്ങിയിട്ടുണ്ട്. ‘ഇനി മുതല്‍ നിങ്ങള്‍ കല്ലട അല്ല കൊല്ലടാ ട്രാവല്‍സ്’ എന്നാണ് കല്ലട ട്രാവല്‍സിനോട് ട്രോളന്മാര്‍ക്ക് പറയാനുള്ളത്. യാത്രക്കാരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും ബസിന്റെ ദൃശ്യങ്ങളും ഉള്‍പ്പെടുത്തി കിടിലന്‍ പ്രതികരണ ട്രോളുകള്‍ ഉണ്ടാക്കുകയാണ് ട്രോളന്മാര്‍.
ഇന്നലെയാണ് യാത്രക്കാരനെ അതിക്രൂരമായി ബസിനുള്ളില്‍ തൊഴിലാളികള്‍ മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്നത്. സ്വകാര്യ ബസായ കല്ലട ട്രാവല്‍സ് കൊള്ളസംഘമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സോഷ്യല്‍മീഡിയ വിമര്‍ശിക്കുന്നു.
സംഭവത്തില്‍ കൊച്ചി പോലീസ് തൊഴിലാളികള്‍ക്കെതിരെ കേസെടുത്തു. അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സുരേഷ് കല്ലട ബസ് കമ്പനിയിലെ മൂന്ന് ജീവനക്കാര്‍ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവാക്കളെ ബസില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. അതേസമയം സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ മാത്രമാണ് മരട് പോലീസ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് സൂചന.
Discussion about this post