വയനാട്: എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടിലും പരാതി. വയനാട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. നേരത്തെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്ത്ഥിത്ത്വത്തിനെതിരെ അമേഠിയില്‍ പരാതി ഉയര്‍ന്നിരുന്നു.
രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച രേഖകളുടെ ആധികാരികതയെ ചൊല്ലിയാണ് പരാതി. രാഹുലിനു ഇരട്ട പൗരത്വം ഉണ്ടെന്നും മറ്റൊരു വിദേശരാജ്യത്തിന്റെ പാസ്പോര്‍ട്ട് ഉണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, നാമനിര്‍ദ്ദേശ പത്രികയില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെന്നും തുഷാര്‍ പറയുന്നു.
രാഹുലിന്റെ നാമനിര്‍ദ്ദേശ പത്രികയില്‍ ഇരട്ടപൗരത്വമുള്ള കാര്യം വെളിപ്പെടുത്തിയിട്ടില്ലെന്നും വയനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. രാഹുല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യനല്ലെന്നും നല്‍കിയിരിക്കുന്ന വിവരങ്ങള്‍ കൃത്യമല്ലാത്തതിനാല്‍ രാഹുലിന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
യുകെ കമ്പനിയുടെ സമ്പത്തും സ്വത്തുവിവരങ്ങളും സംബന്ധിച്ച കാര്യങ്ങള്‍ രാഹുല്‍ നാമനിര്‍ദ്ദേശ പത്രികയില്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. അമേഠിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇതേ കാരണത്താല്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് രാഹുലിന്റെ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനക്കായി മാറ്റിവച്ചിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് വയനാട്ടിലും പരാതി.
Discussion about this post