വയനാട്: നരേന്ദ്ര മോഡിയെയും രാഹുല്‍ ഗാന്ധിയെയും താരതമ്യപ്പെടുത്തി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നരേന്ദ്ര മോഡിക്ക് സഹനശേഷി ഇല്ലെന്നും തന്റെ സഹോദരനായ രാഹുല്‍ ഗാന്ധി എല്ലാം സഹിക്കുന്നവനും ക്ഷമയോടെ കേട്ട് പ്രവര്‍ത്തിക്കുന്നവനാണെന്നും പ്രിയങ്ക പറഞ്ഞു.
ഈ രണ്ട് പേരെയും ഒന്നു നോക്കൂ, ഒരാള്‍ക്ക് സഹിക്കാനുള്ള ശേഷിയില്ല മറ്റേ ആള്‍ എല്ലാം സഹിച്ച് ക്ഷമയോടെ കേട്ട് പ്രവര്‍ത്തിക്കുന്നു. എല്ലാ ദിവസവും ഒരു കൂട്ടം ജനങ്ങള്‍ (ബിജെപി) രാഹുലിനെ അധിക്ഷേപിക്കുന്നു. അമ്മ, അച്ഛന്‍, മുത്തശ്ശി എന്നിവരെക്കുറിച്ചെല്ലാം അപവാദങ്ങള്‍ പറയുന്നു. പക്ഷേ അവന്‍ പുഞ്ചിരിയോടെയാണ് അത് കേള്‍ക്കുന്നത്. ക്ഷമയോടെ കേട്ട് പ്രവര്‍ത്തിക്കാന്‍ അവന് അറിയാം- പ്രിയങ്ക പറയുന്നു.
എന്നും ബിജെപി പ്രവര്‍ത്തിക്കുന്നത് സ്വന്തം പുരോഗതിക്ക് വേണ്ടി മാത്രമാണ്. സര്‍ക്കാരുകള്‍ രണ്ട് തരത്തിലുണ്ട്. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതും സ്വന്തം പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതും. ബിജെപി സര്‍ക്കാരിനെ രണ്ടാമത് പറഞ്ഞതില്‍ ഉള്‍പ്പെടുത്താം. അവര്‍ പ്രവര്‍ത്തിക്കുന്നത് അവരുടെ പ്രശസ്തിക്ക് വേണ്ടി മാത്രമാണെന്നും പ്രിയങ്ക പറഞ്ഞു.