കാസര്‍കോട്: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ കാസര്‍കോട് സ്വദേശിനിയും ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയായ റഫീനയാണ് കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിട്ടുള്ളത്. ദുബായിയില്‍ താമസിക്കുന്ന ഇവര്‍ കൊളംബോയിലുള്ള ബന്ധുക്കളെ കാണാനായി ശ്രീലങ്കയില്‍ എത്തിയിരുന്നു.
ഇവരുടെ പിതാവിനും സഹോദരങ്ങള്‍ക്കുമെല്ലാം കൊളംബോയില്‍ ബിസിനസുണ്ട്. കൊളംമ്പോയിലെ ഹോട്ടലില്‍ താമസിച്ചു വരികയായിരുന്നു ഇവര്‍. ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലടക്കം ആറിടങ്ങളില്‍ നടന്ന സ്‌ഫോടനത്തില്‍ 35 വിദേശികളടക്കം 156 പേര്‍ മരിച്ചതായാണ് വിവരം. 500ലധികം പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചനകള്‍.
പ്രാദേശിക സമയം 8.45 ഓടെയാണ് സ്‌ഫോടനം നടന്നത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു.