കൊച്ചി: പോളിങ് ബൂത്തിനുള്ളില്‍ കയറിയ ശേഷം വോട്ട് ചെയ്യാന്‍ താത്പര്യമില്ലെങ്കില്‍ വോട്ടര്‍ക്ക് തിരിച്ചിറങ്ങാം. തെരഞ്ഞെടുപ്പ് ചട്ടം 49(എം) പ്രകാരം വോട്ടര്‍ക്ക് ഇതിന് അവകാശമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. താത്പര്യമില്ലെന്ന് വോട്ടര്‍ അറിയിച്ചാല്‍ നേരത്തെ വോട്ടു ചെയ്യുന്നതിനായി ഒപ്പിട്ടു നല്‍കിയ ഫോറത്തില്‍ വോട്ടുചെയ്യാന്‍ വിസമ്മതിച്ചതായി ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തണം.
എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം വോട്ടിങ് യന്ത്രത്തിന്റെ അടുത്തെത്തിയപ്പോഴായിരിക്കും ചിലര്‍ക്ക് വോട്ട് ചെയ്യേണ്ടെന്ന് തോന്നുക. ഒരു സ്ഥാനാര്‍ത്ഥിയോടും താല്‍പ്പര്യമില്ല എന്ന അര്‍ത്ഥമുള്ള നോട്ടയോടും താല്‍പ്പര്യമില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കാം. തെരഞ്ഞെടുപ്പ് ചട്ടം 49(എം) പ്രകാരം വോട്ടര്‍ക്ക് വോട്ടു ചെയ്യേണ്ട എന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ടെന്ന് അധികൃതര്‍ പറയുന്നു.
ബൂത്തിനുള്ളില്‍ കയറി വോട്ടുചെയ്യുന്നതായി ഒപ്പിട്ടുനല്‍കിയാണ് ഓരോ വോട്ടറും വോട്ടിങ് മെഷീനടുത്ത് എത്തുന്നത്. പോളിങ് ഓഫീസര്‍ വോട്ടിനായി മെഷീന്‍ ഓണ്‍ ചെയ്ത് നല്‍കുകയും ചെയ്തു. എന്നാല്‍ ഈ സമയം വോട്ടുചെയ്യാന്‍ താത്പര്യമില്ലെന്ന് വോട്ടര്‍ ആവശ്യപ്പെട്ടാല്‍ നേരത്തേ ഒപ്പിട്ടുനല്‍കിയ ഫോറം നമ്പര്‍ 17(എ)യുടെ അവസാന കോളത്തില്‍ വോട്ടുചെയ്യാന്‍ വിസമ്മതിച്ചതായി ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തണം.
ഇങ്ങനെ രേഖപ്പെടുത്തിയ ശേഷം ഈ ഫോറത്തില്‍ വോട്ടര്‍ ഒപ്പിടുകയും വേണം. എന്നാല്‍ വോട്ടര്‍മാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്താല്‍ അത് തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പിടിപ്പതു പണിയാവും. വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാനായി ഓണ്‍ചെയ്ത മെഷീന്‍ ഓഫ് ചെയ്യാനാവില്ല. അങ്ങനെ ചെയ്താല്‍ വി വി പാറ്റ് മെഷീനുള്ളില്‍ ഏഴു സ്ലിപ്പുകള്‍ മുറിഞ്ഞുവീഴും. സാങ്കേതികത്തകരാറുകള്‍ രേഖപ്പെടുത്തപ്പെട്ടവയാവും ഇത്.
അതൊഴിവാക്കാന്‍ ഓണായിക്കിടക്കുന്ന മെഷീനില്‍ അടുത്തയാള്‍ക്ക് വോട്ടുചെയ്യാനായി അവസരം നല്‍കും. എന്നാല്‍ ഏതെങ്കിലും വോട്ടര്‍ വോട്ടുചെയ്യാതെ മടങ്ങിയാല്‍ വോട്ടുചെയ്യാനെത്തിയ ആള്‍ക്കാരുടെ എണ്ണവും ചെയ്ത വോട്ടും തമ്മില്‍ പൊരുത്തപ്പെടാതെ വരും. ഇത് വോട്ടെണ്ണല്‍ സമയത്ത് ആശയക്കുഴപ്പമുണ്ടാകും. ഇതൊഴിവാക്കാന്‍ പോളിങ് ഉദ്യോഗസ്ഥര്‍ ആവശ്യമായ ഫോറങ്ങള്‍ തയ്യാറാക്കിവേണം വൈകീട്ട് വോട്ടെടുപ്പ് അവസാനിപ്പിക്കാന്‍. എന്നാല്‍ ആരെങ്കിലും വോട്ടു ചെയ്യാതെ മടങ്ങിയാല്‍ അത് ഉദ്യോഗസ്ഥര്‍ക്ക് ഇരട്ടിപ്പണിയാവും.
Discussion about this post