ആലുവ: സ്വന്തം അമ്മയുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി മരണപ്പെട്ട മൂന്നു വയസ്സുകാരനെ വെള്ളപുതപ്പിച്ച് കണ്ടതും ആ അമ്മയ്ക്ക് പിടിച്ചു നില്‍ക്കാനായില്ല. ചേതനയറ്റ ശരീരം കണ്ടപ്പാടെ അവള്‍ പൊട്ടിക്കരഞ്ഞു. അലമുറയിട്ട് വിളിച്ച് തേങ്ങി. വെള്ളിയാഴ്ച രാവിലെ 9.30നാണ് ആലുവയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുരുന്ന് കേരളക്കരയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി വിട പറഞ്ഞത്.
ആശുപത്രിയില്‍ മകന്‍ മരണത്തോടുമല്ലിടുമ്പോഴും മരണ വാര്‍ത്ത അറിഞ്ഞിട്ടും അമ്മ ഹെനയുടെ മുഖം കല്ലിച്ച് തന്നെയായിരുന്നു. യാതൊരു ദു:ഖമോ ഉത്കണ്ഠയോ അവരുടെ മുഖത്തില്ലായിരുന്നു. ആ നിര്‍വികാരതയില്‍ തന്നെയാണ് മകനെ അനുസരണ പഠിപ്പിക്കാന്‍ താന്‍ മര്‍ദ്ദിച്ചെന്ന് ഹെന മൊഴി നല്‍കിയതും. മകന്‍ മരണപ്പെട്ടു എന്നറിഞ്ഞിട്ടും ഹെനയുടെ കണ്ണില്‍ നിന്ന് ഒരുതുള്ളി കണ്ണീര്‍ പോലും വന്നിരുന്നില്ല. ഒന്നു വിതുമ്പാന്‍ പോലും അവര്‍ തയ്യാറായില്ല. എന്നാല്‍ എല്ലാം അടക്കി പിടിച്ചത് മകന്റെ ശരീരം കണ്ടതോടെ തകര്‍ന്നു പോവുകയായിരുന്നു.
പോലീസ് കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കയറ്റുന്ന സമയത്ത് വിവരമറിഞ്ഞ് അവിടെ തടിച്ചുകൂടിയ ആളുകള്‍ ഹെനയെ നോക്കി ഉറക്കെയുറക്കെ ശപിച്ചപ്പോഴും അവരുടെ മുഖത്ത് നിര്‍വികാരത മാത്രമായിരുന്നു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ മുഖം മറയ്ക്കാതെ തന്നെയാണ് അവര്‍ ജീപ്പിലേക്ക് കയറിയതും. മാതാവ് ഹെനയെയും പിതാവ് ഷാജിത് ഖാനെയും എറണാകുളം മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയിലേക്ക് പോലീസ് വാഹനത്തില്‍ എത്തിച്ചാണ് കുരുന്നിന്റെ ശരീരം കാണാന്‍ അവസരം ഒരുക്കിയത്.
പോലീസ് സംരക്ഷണത്തില്‍ മോര്‍ച്ചറിക്കകത്തേക്ക് നടന്നടുത്ത രണ്ടുപേരുടെയും മുഖത്ത് നിര്‍വികാരത തന്നെയായിരുന്നു. എന്നാല്‍, മോര്‍ച്ചറിക്കകത്ത് വെള്ളപുതച്ച ശരീരം കണ്ടതോടെ ഹെനയുടെ ശബ്ദം ഇടറി. ഹെന അലറിക്കരഞ്ഞു. അധികം വൈകാതെ ആ നിലവിളി ഭര്‍ത്താവിലും ഉയര്‍ന്നു. രണ്ടു മിനിറ്റിനുശേഷം ഹെനയെയും ഷാജിത് ഖാനെയും പുറത്തേക്ക് കൊണ്ടുവന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഹെന വീണ്ടും ജയിലിലേക്ക് മടങ്ങിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് തലച്ചോറില്‍ രക്തസ്രാവവുമായി കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. അടുക്കളയില്‍ വീണുണ്ടായ മുറിവാണെന്നാണ് ആദ്യം പറഞ്ഞത്. കുട്ടിയുടെ ദേഹമാസകലം പരിക്കുള്ളതായി മനസ്സിലാക്കിയതോടെ ഡോക്ടര്‍മാര്‍ക്ക് സംശയമായി. കുട്ടിയുടെ പിന്‍ഭാഗത്ത് പൊള്ളലേല്‍പ്പിച്ച പാടുമുണ്ടായിരുന്നു. തുടര്‍ന്നാണ് ഏലൂര്‍ പോലീസില്‍ വിവരമറിയിക്കുന്നത്.
Discussion about this post