വയനാട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തുറന്ന കത്തെഴുതി ഡിവൈഎഫ്ഐ നേതാവ് കെ റഫീഖ്. ഇന്നലെ വയനാട് ജില്ലയില്‍ എത്തിയ എഐസിസി ജനറല്‍ സെക്രട്ടറിയും രാഹുലിന്റെ സഹോദരിയുമായ പ്രിയങ്ക ഗാന്ധിയുടെ പ്രസംഗത്തെ വിമര്‍ശിച്ചു കൊണ്ടാണ് റഫീഖ് രാഹുലിന് കത്തെഴുതിയിരിക്കുന്നത്.
വയനാട്ടില്‍ ഇടതുമുന്നണിയുടെ കരുത്തനായ സ്ഥാനാര്‍ത്ഥി പിപി സുനീറില്‍ നിന്നും താങ്കള്‍ കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തില്‍ രാഷ്ട്രീയമെല്ലാം മാറ്റിവച്ച് കേവലം കുടുംബവൈകാരിതകള്‍ പ്രചാരണരംഗത്ത് താങ്കളുടെ പ്രിയസഹോദരിക്ക് പറയേണ്ടി വന്നത് സഹതാപത്തോടെ മാത്രമാണ് കേട്ടു നിന്നതെന്ന് റഫീഖ് കത്തില്‍ ചൂണ്ടി കാട്ടുന്നു.
കുടുംബവൈകാരികതയും പഴയ തഴമ്പുമൊന്നുമല്ല ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ജീവല്‍പ്രശ്‌നങ്ങളാണ് രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന രാഷ്ട്രീയ പ്രശ്‌നങ്ങളെന്ന് പ്രിയങ്കയ്ക്ക് പറഞ്ഞുകൊടുക്കണമെന്നും റഫീഖ് പറയുന്നു.
വയനാട്ടിലെ വിദ്യാഭ്യാസമെല്ലാം സൗജന്യമാക്കുമെന്ന് താങ്കളുടെ സഹോദരി പറഞ്ഞപ്പോള്‍ വയനാട്ടുകാര്‍ പഞ്ചവടിപ്പാലം പോലുള്ള ആക്ഷേപഹാസ്യ സിനിമകള്‍ ഓര്‍ത്തുപോയിരിക്കണം. ഇത്തരത്തില്‍ ഗിമ്മിക്കുകളിലൂടെ കബിളിപ്പിക്കാന്‍ വയനാട് അമേഠിയല്ലെന്ന് താങ്കളും സഹോദരിയും ഓര്‍മ്മിക്കണമായിരുന്നു.
വയനാട്ടിലെ ചികിത്സാ സാകര്യങ്ങളുടെ അഭാവമെന്നെല്ലാം താങ്കള്‍ പറഞ്ഞത് താങ്കളുടെ പരിഭാഷകന്‍ ബുദ്ധിപൂര്‍വ്വം വിട്ടുകളഞ്ഞിരുന്നു. എന്നാല്‍ താങ്കളുടെ സഹോദരി അമേഠിയില്‍ പറയേണ്ട കാര്യം ഇവിടെ മാറിപ്പറഞ്ഞ് പോയത് പരിഭാഷക തുറന്നു പറഞ്ഞപ്പോള്‍ വിദ്യാഭ്യാസവും യൂണിഫോമും പുസ്തകങ്ങളും ഉച്ചയൂണുമെല്ലാം സൗജന്യമായി കിട്ടുന്ന തങ്ങളുടെ നാട്ടിലെ കുട്ടികള്‍ ആര്‍ത്ത് ചിരിച്ചത് ആരെങ്കിലും താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നോ എന്നും റഫീഖ് ചോദിക്കുന്നു. ഫേസ്ബുക്കിലാണ് കത്തിന്റെ രൂപത്തിലുള്ള കുറിപ്പ് റഫീഖ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.