എഴുന്നള്ളിപ്പിനിടെ ആന വിരണ്ടു; 3 മണിക്കൂറോളം ആനപ്പുറത്ത് കുടുങ്ങി കീഴ്ശാന്തി

ആനപ്പുറത്ത് കുടുങ്ങിയ ക്ഷേത്ര കീഴ്ശാന്തി കഴക്കൂട്ടം സ്വദേശി വിനോദി(27)നെ മൂന്നു മണിക്കൂറിനു ശേഷമാണ് ആനപ്പുറത്തു നിന്നു താഴെ ഇറക്കാനായത്.

കഴക്കൂട്ടം: എഴുന്നള്ളിപ്പിനിടെ ആന വിരണ്ടു, 3 മണിക്കൂറോളം കീഴ്ശാന്തി ആനപ്പുറത്ത് കുടുങ്ങി. തപ്പാപ്പൂര്‍ തൃപ്പാദപുരം മഹാദേവക്ഷേത്രത്തിലെ ആറാട്ടുകലശ ചടങ്ങിന്റെ ഭാഗമായി എഴുന്നള്ളിച്ച ആനയാണ് വിരണ്ടത്. ഇത് ജനങ്ങളെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി.

അതേസമയം, ആനപ്പുറത്ത് കുടുങ്ങിയ ക്ഷേത്ര കീഴ്ശാന്തി കഴക്കൂട്ടം സ്വദേശി വിനോദി(27)നെ മൂന്നു മണിക്കൂറിനു ശേഷമാണ് ആനപ്പുറത്തു നിന്നു താഴെ ഇറക്കാനായത്. ഇന്നലെ രാത്രി 7.30ന് ഉള്ളൂര്‍ സ്വദേശിയായ അനിലിന്റെ വക പാര്‍വതി(പാറു) എന്ന ആനയാണ് ഭീതി പരത്തിയത്.

ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവചടങ്ങുകളുടെ സമാപനചടങ്ങായ ആറാട്ടുകലശപൂജയ്ക്ക് എഴുന്നള്ളിച്ച ആന ക്ഷേത്രത്തെ മൂന്നാമത്തെ തവണ വലം വെയ്ക്കുമ്പോഴാണ് വിരണ്ടത്. ആന ആദ്യം പടിഞ്ഞാറേ നടയിലെ പടിക്കെട്ടുകളും കൈവരിയും തകര്‍ത്തു. പാപ്പന്‍മാരും സഹായികളും ചേര്‍ന്ന് ശാന്തമാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ക്ഷേത്രത്തിലെ മേല്‍ക്കൂര പല ഭാഗത്തും ഇടിച്ചു തകര്‍ത്തു.

നടയിലെ ആനക്കൊട്ടിലിലെത്തിച്ച് ചങ്ങലകൊണ്ട് ബന്ധിച്ച ആന ക്ഷേത്രത്തിനു മുന്നിലുണ്ടായിരുന്ന ഏഴു തട്ടുള്ള നിലവിളക്കും കൊടിമരത്തിന്റെ ചുവട്ടിലെ ഇരുമ്പുവേലിയും ക്ഷേത്രമേല്‍ക്കൂരയുടെ ഒരു ഭാഗവും തകര്‍ത്തു. ഈ സമയമെല്ലാം ക്ഷേത്രമേല്‍ശാന്തി ആനപ്പുറത്തായിരുന്നു. അദ്ദേഹത്തെ താഴെ ഇറക്കാനുള്ള പാപ്പാന്‍മാരുടെ ശ്രമം ആനയെ കൂടുതല്‍ ക്ഷുഭിതയാക്കി. ഒന്‍പതുമണിയോടെ ഉടമ അനിലും ഭാര്യയുമെത്തി ആനയെ അനുനയിപ്പിച്ചതിനെ തുടര്‍ന്നാണ് ശാന്തിയെ താഴെയിറക്കിയത്. പിന്നീട് ആനയെ ക്ഷേത്രവളപ്പിലെ തെങ്ങില്‍ തളച്ചു.

Exit mobile version