തിരുവനന്തപുരം: പോണോഗ്രഫിയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് കാണിച്ച് ടിക് ടോക് നിരോധിച്ചതിനു പിന്നാലെ നാലുവയസുകാരിയുടെ ജീവിതത്തില്‍ ടിക് ടോക് തുണയായതാണ് ഇപ്പോള്‍ ചൂടേറിയ ചര്‍ച്ച. കുരുന്നുകള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ടിക് ടോകില്‍ സജീവമാണ്. അക്കൂട്ടത്തില്‍ ഒരാള്‍ ആണ് നാലു വയസ്സുകാരിയായ ദുര്‍ഗ്ഗ മോള്‍.
ദുര്‍ഗ്ഗയുടെ വീഡിയോകള്‍ കാണാത്തവര്‍ ചുരുക്കം ആയിരിക്കും. അത്രമേല്‍ ആരാധകരുണ്ട് ഈ മിടുക്കിക്ക്. കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകളും സിനിമാ ഗാനങ്ങളും സംഭാഷണങ്ങളുമൊക്കെ അനായാസം അഭിനയിച്ച് ആളുകളുടെ മനസില്‍ ഇടം നേടിയിട്ടുണ്ട് ഈ കൊച്ചു മിടുക്കി. എന്നാല്‍ സ്വന്തമായി വീടില്ലാത്ത ഈ കുരുന്നിന് ഇപ്പോള്‍ ഒരു വീട് ഒരുങ്ങുകയാണ്.
മണികിലുക്കം ദുര്‍ഗ്ഗ മോള്‍ വാട്‌സ്ആപ്പ് കൂട്ടായ്മയാണ് അതിനായി നേതൃത്വം നല്‍കുന്നത്. മലപ്പുറം പരപ്പനങ്ങാടി താഹിര്‍ ആണ് ദുര്‍ഗ്ഗയുടെ കുടുംബത്തിന് വീട് ഒരുക്കാനുള്ള ശ്രമത്തിന് തുടക്കമിട്ടത്. ദുര്‍ഗ്ഗയുടെ ഊരുട്ടമ്പലത്തെ വീട്ടില്‍വച്ച് ഇന്ന് രാവിലെ പത്ത് മണിക്ക് വീടിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഭാവി പരിപാടികളെ കുറിച്ച് സംസാരിക്കുമെന്ന് താഹിര്‍ പറഞ്ഞു.
ഇതിനായി വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള നൂറോളം പേര്‍ ദുര്‍ഗ്ഗയുടെ വീട്ടിലെത്തും. ഊരുട്ടമ്പലം കോട്ടമുകള്‍ വിളങ്ങറത്തലവീട്ടില്‍ സുരേഷ് രമ്യ ദമ്പതികളുടെ മകളാണ് ദുര്‍ഗ്ഗ. ദുര്‍ഗ്ഗ മാത്രമല്ല മാതാപിതാക്കളായ രമ്യയും സുരേഷും കുഞ്ഞനിയത്തി ശീരുത്യയും ടിക് ടോക്കില്‍ സജീവമാണ്. കുടുംബം ഒന്നിച്ച് അഭിനയിച്ച് തകര്‍ത്ത വീഡിയോകള്‍ക്ക് നിരവധി ആരാധകരാണുള്ളത്.